നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളെ പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു. പാലാ മണ്ഡലത്തിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമ്പോൾ ഇടുക്കിയിൽ റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജും ചങ്ങനാശ്ശേരിയിൽ അഡ്വ. ജോബ് മൈക്കിളും ജനവിധി തേടും. പൂഞ്ഞാറിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചാലക്കുടിയിൽ അഡ്വ. ബിജു ചിറയത്ത്, റാന്നിയിൽ പ്രമോദ് നാരായണൻ, തൊടുപുഴയിൽ സിറിയക് ചാഴിക്കാടൻ എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർത്ഥികൾ.
കടുത്തുരുത്തി സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിനെ ഇവിടെ മത്സരിപ്പിക്കാൻ പാർട്ടിയിൽ ആലോചന നടന്നിരുന്നെങ്കിലും ഒടുവിൽ നിർമ്മല ജിമ്മിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രാദേശിക നേതാക്കൾക്കിടയിൽ സീറ്റിനായി തർക്കം രൂക്ഷമായതോടെയാണ് സമവായ സ്ഥാനാർത്ഥിയായി നിർമ്മല ജിമ്മി എത്തിയത്. കൂടാതെ പിറവത്ത് സാബു കെ ജേക്കബ്, ഇരിക്കൂരിൽ മാത്യു കുന്നപ്പള്ളി, പെരുമ്പാവൂരിൽ ബേസിൽ പോൾ എന്നിവരും മത്സരിക്കും. സിപിഐ, സിപിഎം, ബിജെപി എന്നിവർക്ക് പിന്നാലെയാണ് കേരള കോൺഗ്രസ് എം പട്ടിക പുറത്തുവിട്ടത്.
ഏപ്രിൽ 9-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രമുഖ മുന്നണികളെല്ലാം സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ്. മെയ് 4-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. സംസ്ഥാനത്ത് മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫ് നീങ്ങുമ്പോൾ, അധികാരം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് യുഡിഎഫ്.
Jose K Mani in Pala, Roshi again in Idukki, Kerala Congress (M) enters kerala assembly election 2026













