കണ്ണൂർ: കണ്ണൂർ സിപിഎമ്മിൽ നിന്ന് മുതിർന്ന സിപിഎം അംഗം ടികെ ഗോവിന്ദൻ പാർട്ടി വിടുന്നുവെന്ന് റിപ്പോർട്ടുകൾ. തളിപ്പറമ്പിൽ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതാണ് പാർട്ടി വിടാൻ കാരണം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ടി.കെ ഗോവിന്ദൻ. പികെ ശ്യാമളക്കെതിരെ ടികെ ഗോവിന്ദൻ മത്സരിക്കും.
പയ്യന്നൂരിൽ സിപിഎം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനും നിയമസഭാ തിരഞ്ഞെടുപ്പിൽസ്ഥാനാർത്ഥിയാകുമെന്ന് അറിയിച്ചു. പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സി.പി.എം. വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണ് മൽസരമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. .
ഇത്രയും ആരോപണങ്ങൾക്ക് വിധേയനായ ഒരു വ്യക്തിയെ വീണ്ടും സ്ഥാനാർഥിയായി പയ്യന്നൂരിൽ മത്സരിപ്പിക്കാൻ ഇടതുപക്ഷം സന്നദ്ധമാകില്ല എന്ന വിശ്വാസത്തിലാണ് നേരത്തേ നിലപാട് പറയാതിരുന്നതെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
എന്റെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയല്ലാതെ മറ്റുമാർഗമില്ല. അതിനാൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്നതിന് വേണ്ടിയുള്ള തീരുമാനത്തിൽ എത്തിച്ചേർന്നത്.
അഴിമതിക്കെതിരായിട്ടുള്ള പോരാട്ടമെന്നുള്ള നിലയിലാണ് ഇതിനെ കാണുന്നതെന്നും ഇടതുപക്ഷത്തിനെതിരായിട്ടുള്ള ഒരു പോരാട്ടമായി സ്ഥാനാർഥിത്വത്തെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷം നിലനിൽക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. എന്നാൽ പയ്യന്നൂരിലെ ഇടതുസ്ഥാനാർഥിയെ ഒരു ഇടതുപക്ഷക്കാരനായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്
ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലും രക്തസാക്ഷി ധനരാജിന്റെ ഫണ്ടിലും ക്രമക്കേട് നടന്നതായി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പിന്നാലെ അദ്ദേഹം പുസ്‌തകവും പുറത്തിറക്കി.
നിലവിൽ ഹാൻവീവ് ചെയർമാൻ ആണ് ടി കെ ഗോവിന്ദൻ. മണ്ഡലം കമ്മിറ്റിയിൽ ഉൾപ്പെടെ വിഷയത്തിൽ ഗോവിന്ദൻ വിമർശനം ഉന്നയിച്ചിരുന്നു. സിറ്റിങ് എംഎൽഎയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പാണ് ഉയരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പാർട്ടി കമ്മിറ്റി യോഗങ്ങളിൽ നിന്നും ടി.കെ. ഗോവിന്ദൻ വിട്ടുനിൽക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗങ്ങളിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടില്ല. പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.













