തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രണയം ഒരു കുറ്റമല്ലെന്നും അത് എല്ലാവർക്കുമുണ്ടെന്നും തനിക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ശരിയാണെങ്കിലും അല്ലെങ്കിലും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാര്യ 112 വിളിച്ച് പരാതി പറഞ്ഞതിനേപ്പറ്റി ചോദിച്ചപ്പോൾ വട്ട് മൂത്താൽ ആർക്കും അങ്ങനെ പരാതി പറയാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വീടിനുള്ളിൽ തന്നെ തനിക്ക് ശത്രുക്കളുണ്ട്. പലതും ആരോപണങ്ങളായി മാത്രം തള്ളിക്കളയുന്നു. അതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു നല്ല പൊതുപ്രവർത്തകനാണോ, നല്ല എംഎൽഎ ആണോ, പാവങ്ങൾക്കൊപ്പം നിൽക്കുന്നുണ്ടോ അഴിമതി നടത്തുന്നുണ്ടോ വർഗീയത പ്രചരിപ്പിക്കുന്നുണ്ടോ, ഇതൊന്നുമില്ലാത്ത ആളാണ് ഞാൻ. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ ശത്രുക്കൾ തന്റെ കുടുംബപ്രശ്നങ്ങളെ ആയുധമാക്കുകയാണെന്നും ആരോപിച്ചു
ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെയും മന്ത്രി ആഞ്ഞടിച്ചു. തന്റെ വ്യക്തിജീവിതത്തിൽ ഇടപെടാൻ ശ്രീലേഖയ്ക്ക് എന്താണ് അവകാശമെന്ന് അദ്ദേഹം ചോദിച്ചു. മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും ഇത്തരത്തിലുള്ള ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുകയേ ഉള്ളൂ എന്നും മന്ത്രി പരിഹസിച്ചു.













