കേരള നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണം ഫസ്റ്റ് ലാപ് പിന്നിടുന്നു, കേരള മനസ്സ് ഇടത്തോട്ടോ വലത്തോട്ടോ?

കേരള നിയമസഭ തെരഞ്ഞെടുപ്പ്; പ്രചാരണം ഫസ്റ്റ് ലാപ് പിന്നിടുന്നു, കേരള മനസ്സ്  ഇടത്തോട്ടോ വലത്തോട്ടോ?

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി കുറിച്ചില്ലെങ്കിലും മൂന്നു മുന്നളികളും യുദ്ധ കാഹളം മുഴക്കി അങ്കത്തട്ടിലേറിക്കഴിഞ്ഞു. രാഷ്ട്രീയ ബലാബലവും വികസനവും മുന്നണി സമവാക്യങ്ങളും സാമുദായിക ദ്രുവീകരണവും പുതുവികസന മാതൃതകകളും ചർച്ചയാകുന്ന ഈ തിരഞ്ഞെടുപ്പിൽ കേരളം ആരെ തിരഞ്ഞെടുക്കും എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. കോൺഗ്രസിനും സിപിഎമ്മിനും ഇതു ജീവൻ മരണ പോരാട്ടമാണ്. ബിജെപി ഇത്തവണ കരുത്ത് തെളിയിച്ചില്ലെങ്കിൽ കേരളത്തെ കുറിച്ച് ബിജെപി കേന്ദ്ര നേതൃത്വം വച്ചുപുലർത്തുന്ന സ്വപ്നങ്ങൾ തന്നെ അവസാനിച്ചേക്കാം. ഇതുവരെ മികച്ച രീതിയിലാണ് എല്ലാ പാർട്ടികളുടേയും പ്രചാരണം. വളരെ സർഗാത്മകവും പ്രഫഷണലുമായ പര്സ്യങ്ങൾ പത്രങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും വരാൻ തുടങ്ങി. പിണറായിയുടെ സർക്കാർ തന്നെയാണ് എൽഡിഎഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. പിആർ വർക്കുകൾ ഇരു മുന്നണികളും എന്നത്തെക്കാൾ ശക്തമായി തന്നെ മുന്നോട്ടു കൊണ്ടു പോകുന്നു . സർക്കാർ പിആർഡിയെ എൽഡിഎഫ് പാർട്ടിക്കായി വിനിയോഗിക്കുന്നു എന്ന വലിയ ആരോപണം നിലനിൽക്കുന്നുണ്ട്. സോളാറുപോലെയോ ബിരിയാണി ചെമ്പു പോലെയോ ഉള്ള സെൻസേഷണലായ വിവാദങ്ങൾ ഇതുവരെ കളം പിടിച്ചിട്ടില്ല. പക്ഷേ മന്ത്രി ഗണേഷ് കുമാറിന് എതിരായ പുതിയ ആരോപണം പതിയെ വലിയ കാർമേഘമായി അന്തരീക്ഷത്തിൽ ഇപ്പോൾ ഉരുണ്ടു കൂടുന്നുണ്ട്.

സെമിഫൈനലായി കണക്കാക്കപ്പെട്ടിരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് സംസ്ഥാനത്ത് കൃത്യമായ മേൽകൈ ഉണ്ടായിരുന്നു. ആ ടെംപോ ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്. പതിവുപോലുള്ള ഗ്രൂപ്പ് അടികൾ കോൺഗ്രസിൽ ഇതുവരെ തലപൊക്കിയിട്ടില്ല. ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ യുഡിഎഫിന് അനുകൂലമായിരിക്കും എന്നും അവർ കണക്കുകൂട്ടുന്നു.

വിഡി സതീശൻ നയിച്ച പുതുയുഗ യാത്ര വളരെ ഗംഭീരമായി തന്നെ പര്യടനം പൂർത്തിയാക്കുകയും പുതിയ വികസന മാതൃക മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്. യാത്രയുടെ അവസാനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രഖ്യാപനങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര മുതൽ വൻതുകയുടെ ആരോഗ്യ ഇൻഷുറൻസ് വരെ നീളുന്ന പ്രഖ്യാപനങ്ങൾ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ ഏകദേശ രൂപമാണ്. കേരളത്തിലെ സാധാരണക്കാരെ ആവേശത്തിലാക്കുന്ന അഞ്ച് വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാൽ, ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തിന് ഈ ‘സൗജന്യങ്ങൾ’ എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യം എൽഡിഎഫ് ഉയർത്തി കഴിഞ്ഞു.

പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നത് കർണാടകത്തിലും തെലങ്കാനയിലും കോൺഗ്രസ് നടപ്പിലാക്കിയതാണ്. ഒരിക്കൽ പൂട്ടിപോകുമെന്നു വരെ പറയപ്പെട്ട കെഎസ്ആർടിസിക്ക് ഈ പ്രഖ്യാപനം എത്രത്തോളം താങ്ങാനാകുമെന്നത് പ്രധാനമാണ്.കർണാടകത്തിൽ ടിക്കറ്റ് ഇനത്തിൽ ലഭിക്കേണ്ട വലിയൊരു വരുമാനം സർക്കാർ കെഎസ്ആർടിസിക്ക് സബ്സിഡിയായി നൽകേണ്ടി വരുന്നുണ്ട്. കേരളത്തിലെ സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ പെൻഷനും ശമ്പളവും പോലും കൃത്യമായി നൽകാൻ കഴിയാത്ത അവസ്ഥയിൽ, ഇത്തരമൊരു അധിക ബാധ്യത പൊതുഗതാഗത സംവിധാനത്തെ കൂടുതൽ തളർത്തുമോ എന്ന ആശങ്കയുണ്ട്.

ഇതിനോടൊപ്പം തന്നെ തൊഴിൽ രഹിതരായ യുവാക്കൾക്ക് വ്യവസായം തുടങ്ങാൻ അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളം പോലുള്ള ഒരു ഉപഭോക്തൃ സംസ്ഥാനത്ത് സംരംഭകത്വം വളർത്താൻ ഇത് സഹായിക്കുമെങ്കിലും ബാങ്കുകളെ ഇതിൽ എങ്ങനെ സഹകരിപ്പിക്കും എന്നതു വ്യക്തമല്ല. നിലവിൽ 2000 രൂപയായ ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്നാണ് രാഹുൽ ഗാന്ധിയുടെ മറ്റൊരു പ്രഖ്യാപനം. കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നതിൽ തർക്കമില്ല. എന്നാൽ, ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിന്റെ പൊതു കടം അഞ്ച് ലക്ഷം കോടി രൂപ കടന്നിരിക്കുകയാണ്. ഇത് നടപ്പിലാക്കിയാൽ പ്രതിവർഷം ആയിരക്കണക്കിന് കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരും.

എന്നാൽ ഭരണവിരുദ്ധവികാരം ശക്തമായി നിലനിൽക്കെ അത് വോട്ടാക്കി മാറ്റാൻ യുഡിഎഫ് കഠിനമായി തന്നെ പരിശ്രമിക്കുകയാണ്. ഒപ്പം എൽഡിഎഫിനുള്ളിൽ തന്നെയുള്ള സംഘടനാപ്രശ്നങ്ങൾ എൽഡിഎഫിനു തന്നെ വിനായാകുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. എൽഡിഎഫിൽ കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ ഉണ്ടായിത്തുടങ്ങി. വളരെ സീനിയറായ ജി സുധാകരനെ പോലുള്ള നേതാവിൻ്റെ പൊട്ടിത്തെറി, പി.കെ ശശി, ഐഷ പോറ്റി തുടങ്ങിയ പ്രമുഖ നേതാക്കളുടെ പാർട്ടിവിടൽ , പാർട്ടി പിബി അംഗങ്ങളുടെ ബന്ധുക്കളെ മൽസരിപ്പിക്കാനുള്ള തീരുമാനം, ചില പ്രമുഖ നേതാക്കൾക്ക് സീറ്റ് നിഷേധിച്ചതും ജയ സാധ്യത തീരെയില്ലാത്ത സീറ്റുകൾ നൽകിയതും , രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് തുടങ്ങിയതെല്ലാം എൽഡിഎഫിൻ്റെ അണികൾ തന്നെ ചർച്ച ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ട്. ഇത്തരം സാഹചര്യത്തിൽ ചില മണ്ഡലങ്ങളിലെങ്കിലും വോട്ട് ഷിഫ്റ്റിങ് നടക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആവുകയില്ല.

സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസനം സാധ്യമാക്കിയെന്ന് അവകാശപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എൽഡിഎഫിനെ നയിക്കുന്നത്. 2021 ൽ അധികാരത്തിലേറിയ ശേഷം 100 പാലങ്ങൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യം സർക്കാർ മൂന്നു വർഷത്തിൽ കൈവരിച്ചു. ഇപ്പോൾ പാലങ്ങളുടെ എണ്ണം 150 കടന്ന് 200 ലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ വികസനത്തിന് ആവശ്യമായ പണം ഇല്ല എന്നതായിരുന്നു കേരളം നേരിട്ട പ്രശ്‌നം. ഇതിന് പരിഹാരമായാണ് 2016 ൽ സമാന്തര സാമ്പത്തിക സ്രോതസ്സായി കിഫ്ബി പുനരുദ്ധരിച്ചത്.കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിൽ ഉദ്ഘാടനം ചെയ്ത പെരുമ്പളം പാലം ഒറ്റപ്പെട്ട ഒരു ദ്വീപിലെ ജനങ്ങൾക്ക് മുഖ്യധാരയിലേക്ക് എത്താനുള്ള വഴിയൊരുക്കി. അതുപോലെയാണ് പുനരുദ്ധരിച്ച ആലപ്പുഴ – ചങ്ങനാശ്ശേരി റോഡും. മറ്റൊന്ന് വയനാട് പുനരധിവാസ പദ്ധതിയാണ്. അങ്ങനെ കണ്ണു തുറന്നാൽ കാണാൻ പാകത്തിനുള്ള വൻ വികസന പദ്ധതികളാണ് എൽഡിഎഫ് മുന്നോട്ടു വയ്ക്കുന്നത്. ഒപ്പം അഴിമതിയുടെ കറപുരളാത്ത സർക്കാർ എന്ന ഖ്യാതിയും പിണറായി മുന്നോട്ടുവയ്ക്കുന്നുണ്ട്.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്തു തന്നെ ഭംഗിയായി ചെയ്തിരുന്ന ക്ഷേമപെൻഷൻ വിതരണം എൽഡിഎഫ് സർക്കാരിന് വലിയ ഗുണം ചെയ്തു എന്ന് ഉറപ്പാണ്. എന്നാൽ ഈ സർക്കാരിലെ പല പുതുമുഖ മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ പല മന്ത്രിമാരുടേയും ഏഴ് അയലത്തുപോലും എത്തിയിട്ടില്ല എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ആരോഗ്യ – ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ പിടിപ്പുകേടു സംബന്ധിച്ച വലിയ ആരോപണങ്ങളും അതിനെ കൈകാര്യം ചെയ്ത രീതിയും വലിയ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ മലക്കം മറിയലിനെക്കാൾ ഇടതുമുന്നണിക്കു വിനയായത് സ്വർണകൊള്ളയാണ്. പദ്ധതിയിട്ട് ഓർഗനൈസ്ഡ് ആയി നടത്തിയ വലിയ കൊള്ളയാണ് ശബരിമലയിൽ നടന്നത് എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കെആർഎംഎൽ വിവാദവും പിവി അൻവർ ഉന്നയിച്ച എഡിജിപി അജിത്കുമാർ വിഷയവും കേരളം ഏറെ ചർച്ച ചെയ്തിന്നു. കരിവന്നൂർ ബാങ്ക് കൊള്ളയും ആരും മറന്നിട്ടില്ല. ഇതൊക്കെയാണെങ്കിലും തങ്ങളുടെ പൊളിറ്റിക്കൽ വോട്ടുകൾക്ക് ഒരിളക്കവും തട്ടാതെ കാത്തുവയ്ക്കാൻ സിപിഎമ്മിനു മികച്ച സംഘടന സംവിധാനമുണ്ട് എന്നത് അവരെ സംബന്ധിച്ച പ്ളസാണ്. ഒപ്പം ബിജെപിയും കളം നിറഞ്ഞ് കഴിഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ ലഭിച്ചത് അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. തീർച്ചയായും കേരളത്തില പല മണ്ഡലങ്ങളിലേയും ജയ പരാജയങ്ങളെ നിശ്ചയിക്കുന്ന നിയാമക ശക്തിയാകാൻ ബിജെപിക്ക് കഴിയും എന്നതും വസ്തുതയാണ്.

എല്ലാത്തിനും ഉപരി ജനമാണ് ജനാധിപത്യത്തിന്റെ ശക്തിയും വിജയവും അവരാണ് തീരുമാനിക്കുക ആരു ഭരിക്കണം എന്ന്.

Kerala Assembly elections Campaigning completes first lap

Share Email
LATEST
More Articles
Top