കേരളമടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കേരളമടക്കം 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം 4 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന വാർത്താ സമ്മേളനത്തിലാകും നിർണായകമായ പ്രഖ്യാപനമുണ്ടാവുക. പി.ഐ.ബി അംഗീകാരമുള്ള മാധ്യമപ്രവർത്തകർക്ക് മാത്രമാണ് വാർത്താ സമ്മേളനത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. തീയതി പ്രഖ്യാപിക്കുന്നതോടെ ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും.

മെയ് അഞ്ചിന് മുൻപായി വോട്ടെണ്ണൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് നടപടികൾ അവസാനിപ്പിക്കുന്ന തരത്തിലുള്ള ഷെഡ്യൂളാകും കമ്മീഷൻ തയ്യാറാക്കുക. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളും ഉദ്യോഗസ്ഥ വിന്യാസവും കണക്കിലെടുത്ത് വിവിധ ഘട്ടങ്ങളിലായാകും വോട്ടെടുപ്പ് നടക്കുക. കേരളത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കാനാണ് സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കേരളത്തിലെ വിഷു അടക്കമുള്ള പ്രാദേശിക ഉത്സവങ്ങളും അവധിക്കാലവും പരിഗണിച്ചാകും തിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കുകയെന്ന് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി മതപരമായ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും തടസ്സമില്ലാത്ത രീതിയിലാകും ക്രമീകരണങ്ങൾ. കടുത്ത ചൂട് കണക്കിലെടുത്ത് വോട്ടിംഗ് കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുന്ന കാര്യവും കമ്മീഷൻ ഇന്ന് വിശദീകരിച്ചേക്കും.

Share Email
LATEST
Top