ഖമനേയിയെ വധിക്കാൻ 2025 നവംബർ മുതൽ പ്ലാൻ ഇട്ടു; ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഖമനേയിയെ വധിക്കാൻ 2025 നവംബർ മുതൽ പ്ലാൻ ഇട്ടു; ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാനുള്ള ഗൂഢാലോചന മാസങ്ങൾക്ക് മുമ്പ് തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങിയിരുന്നതായി വെളിപ്പെടുത്തൽ. 2025 നവംബർ മുതൽ തന്നെ ഇതിനായുള്ള രഹസ്യ പദ്ധതികൾ നെതന്യാഹു തയ്യാറാക്കിയിരുന്നുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വെളിപ്പെടുത്തി. ഇസ്രയേലിന്റെ എൻ12 ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്, ഖമനേയി വധം കൃത്യമായ പ്ലാനിംഗിലൂടെ നടപ്പിലാക്കിയതാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞത്. ശനിയാഴ്ച ആരംഭിച്ച യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഈ ദൗത്യം പൂർത്തിയാക്കാൻ സൈന്യത്തിന് കഴിഞ്ഞു.

ആദ്യഘട്ടത്തിൽ അമേരിക്കയെപ്പോലും അറിയിക്കാതെ ഇസ്രയേൽ ഒറ്റയ്ക്ക് ഈ നീക്കം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 2026 പകുതിയോടെ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ഈ ദൗത്യം ഇറാനിലെ ആഭ്യന്തര സാഹചര്യം മാറിയതോടെ നേരത്തെയാക്കുകയായിരുന്നു. ഇറാനിൽ ഭരണകൂടത്തിനെതിരെ ജനകീയ പ്രതിഷേധങ്ങൾ ശക്തമായത് തങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കിയെന്നും, ഇതോടെയാണ് ദൗത്യം വേഗത്തിൽ നടപ്പിലാക്കാൻ നെതന്യാഹു തീരുമാനിച്ചതെന്നും കാറ്റ്സ് വ്യക്തമാക്കി. ഇറാനിയൻ നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം.

ഇറാനിലെ പ്രതിഷേധങ്ങൾ ആളിപ്പടർന്നതോടെ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ചർച്ചകളാണ് സംയുക്ത സൈനിക നീക്കത്തിന് വഴിയൊരുക്കിയത്. ട്രംപുമായി ഇത്തരമൊരു സൈനിക സഹകരണം ഉറപ്പാക്കാൻ നെതന്യാഹുവിന് മാത്രമേ സാധിക്കൂ എന്ന് പ്രതിരോധ മന്ത്രി അവകാശപ്പെട്ടു. ഒരു രാജ്യത്തിന്റെ ഉന്നത ഭരണാധികാരിയെ വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കാൻ കഴിഞ്ഞത് വലിയ സൈനിക നേട്ടമായാണ് ഇസ്രയേൽ കാണുന്നത്. ഖമനേയിയുടെ വധത്തോടെ ഇറാന്റെ അധികാര കേന്ദ്രങ്ങളെ പൂർണ്ണമായും തകർക്കാൻ കഴിഞ്ഞുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.

Share Email
Top