തിരുവനന്തപുരം : ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ, കേരളത്തിൽ ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പാണെന്നും യു.ഡി.എഫിന് നൂറ് സീറ്റ് കിട്ടിയാൽ അത് ലോകാവസാനത്തിന് തുല്യമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ. ഭരണം കിട്ടിയാൽ കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ രമേശ് ചെന്നിത്തലയാണെന്ന് പറഞ്ഞ അദ്ദേഹം, വി.ഡി. സതീശനെ ‘ബഫൂൺ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഇടത് പക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾ യു.ഡി.എഫ് കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് വി.ഡി. സതീശൻ പ്രതികരിച്ചത്. വെള്ളാപ്പള്ളിക്ക് ഇപ്പോൾ 90 വയസ്സായെന്നും, അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് താൻ മറുപടി പറയുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. താൻ വല്ലതും തിരിച്ചു പറഞ്ഞാൽ അതായിരിക്കും പിന്നെ ബാക്കിയുണ്ടാവുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ പ്രതിപക്ഷ നേതാവായതോടെ തവളയെപ്പോലെ ചീർത്തുവെന്ന് വരെ വെള്ളാപ്പള്ളി മുമ്പ് ആക്ഷേപിച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.













