മുഖ്യമന്ത്രി പിണറായി വിജയന്റെ ‘നുണയൻ’ പ്രയോഗത്തിന് അക്കമിട്ട് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീടുകൾ നിർമ്മിച്ചെന്ന പ്രസ്താവന ‘യമണ്ടൻ നുണ’യാണെന്ന മുഖ്യമന്ത്രിയുടെ പരിഹാസത്തിന് നിയമസഭയിലെ രേഖകൾ നിരത്തിയാണ് സതീശൻ തിരിച്ചടിച്ചത്. അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ നൽകിയ മറുപടിയിൽ ഈ കണക്കുകൾ വ്യക്തമാണെന്നും, മുഖ്യമന്ത്രിയാണോ താനാണോ നുണ പറയുന്നതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉമ്മൻചാണ്ടി സർക്കാർ പൂർത്തിയാക്കിയ 50,000 വീടുകൾ കൂടി സ്വന്തം കണക്കിൽ പെടുത്തിയെന്നും സതീശൻ ആരോപിച്ചു.
ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിക്കാൻ പഴയകാല വീഡിയോകളും ദേശാഭിമാനിയിലെ ലേഖനങ്ങളും സതീശൻ തെളിവായി ഹാജരാക്കി. ജമാഅത്തെ ഇസ്‌ലാമിയെ സ്വാഗതം ചെയ്യുന്ന പിണറായി വിജയന്റെ വീഡിയോ ഉണ്ടെന്നും ‘ഗീബൽസ്’ എന്ന് വിളിക്കാൻ തനിക്ക് താല്പര്യമില്ലാത്തതിനാലാണ് അങ്ങനെ പറയാത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ്, വസ്തുതകൾ പഠിച്ചു സംസാരിക്കുന്ന തന്നെ തകർക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി നുണേശൻ എന്ന് വിളിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ഏത് വിഷയത്തിലും മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കോൺഗ്രസ് വാങ്ങിയ സ്ഥലത്ത് ഡി.വൈ.എഫ്.ഐ. കുടിൽ കെട്ടി സമരം നടത്തിയാൽ അവരെ അടിച്ചോടിക്കുമെന്നും വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി. എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയതാണെന്നും എന്നാൽ പി.ഡി.പി. നൽകുന്ന പിന്തുണയെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സഭയിൽ മിണ്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി തേടിയത് സഭാരേഖകളിൽ ഉണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.













