ന്യൂഡൽഹി: രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടെന്ന വാർത്തകൾക്കിടെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഗാർഹിക ആവശ്യത്തിനുള്ള എൽപിജിക്ക് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരായി ‘പാനിക് ബുക്കിംഗ്’ നടത്തേണ്ടതില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കേന്ദ്ര വാർത്താവിതരണ മന്ത്രാലയവും ആവശ്യപ്പെട്ടു.
വലിയ പ്രതിസന്ധികൾ ഒഴിവാക്കുന്നതിനായി പാചകവാതക വിതരണത്തിൽ ചില നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള 45 ദിവസമാക്കി നിശ്ചയിച്ചു. നിലവിൽ പ്രതിദിനം 50 ലക്ഷം സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നും വിതരണ ശൃംഖലയിൽ തടസ്സമില്ലെന്നും സർക്കാർ വ്യക്തമാക്കി. പലയിടത്തും പ്രശ്നങ്ങൾ പരിഹരിച്ചിട്ടും പഴയ ദൃശ്യങ്ങൾ കാണിച്ച് പരിഭ്രാന്തി പരത്തരുതെന്ന് ചാനലുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, എൽപിജി പ്രതിസന്ധി ചർച്ച ചെയ്യാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക യോഗം വിളിച്ചു. വിതരണക്കാരുമായി ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി ചർച്ച നടത്തിയത്. എൽപിജി ഉത്പാദനം കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 28 ശതമാനം വർദ്ധിപ്പിച്ചതായി കേന്ദ്രമന്ത്രി ലോക്സഭയെ അറിയിച്ചു. എങ്കിലും ഗ്യാസ് ലഭ്യതയെച്ചൊല്ലി ഭരണ-പ്രതിപക്ഷ തർക്കം സഭയിൽ തുടരുകയാണ്.











