എൽപിജി പ്രതിസന്ധി: കേരളത്തിൽ ‘വാർ റൂം’ സജ്ജം; വിതരണവും സ്റ്റോക്കും ഇനി സൂക്ഷ്മമായി നിരീക്ഷിക്കും

എൽപിജി പ്രതിസന്ധി: കേരളത്തിൽ ‘വാർ റൂം’ സജ്ജം; വിതരണവും സ്റ്റോക്കും ഇനി സൂക്ഷ്മമായി നിരീക്ഷിക്കും
Share Email

തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധി നേരിടാൻ കേരള സർക്കാർ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ ‘വാർ റൂം’ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ എൽപിജി സ്റ്റോക്കും വിതരണവും കൃത്യമായി നിരീക്ഷിക്കുന്നതിനായാണ് ഈ സംവിധാനം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു.

വാർ റൂമിന്റെ ഭാഗമായി എൽപിജി വിതരണം നിരീക്ഷിക്കാൻ ഐടി മിഷന്റെ സഹായത്തോടെ പ്രത്യേക ഡാഷ്‌ബോർഡ് സംവിധാനവും ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മുമ്പായി ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക് വിവരം ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും കൈമാറാൻ ഓയിൽ കമ്പനികൾക്ക് നിർദ്ദേശം നൽകി. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ, സുഭിക്ഷ ഹോട്ടലുകൾ തുടങ്ങിയ മുൻഗണനാ മേഖലകൾക്ക് വാണിജ്യ സിലിണ്ടറുകൾ ലഭ്യമാക്കുന്നതിൽ തടസ്സമുണ്ടാകില്ലെന്ന് ഓയിൽ കമ്പനികൾ ഉറപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, പാചകവാതക പ്രതിസന്ധിയുടെ മറവിൽ നടക്കുന്ന പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ സർക്കാർ കർശന നടപടികൾ തുടങ്ങി. ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടക്കുന്നുണ്ട്. ഇതിനകം നിരവധി ഹോട്ടലുകളിലും ഏജൻസികളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ പിടിച്ചെടുത്തു. വാണിജ്യ ആവശ്യങ്ങൾക്കായി കണക്ട് ചെയ്ത സിലിണ്ടറുകൾ കൂടാതെ പരമാവധി അഞ്ച് സിലിണ്ടറുകൾ മാത്രമേ സംഭരിക്കാൻ പാടുള്ളൂവെന്നും സർക്കാർ കർശന നിർദ്ദേശം നൽകി.


Share Email
LATEST
Top