തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജകുടുംബത്തിന്റെ ആസ്ഥാനമായ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യ രത്നങ്ങളുമാണ് നഷ്ടപ്പെട്ടത്. രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നൽകിയ പരാതിയിൽ പേരൂർക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊട്ടാരത്തിനുള്ളിൽ നടന്ന അസാധാരണമായ ഈ മോഷണം വലിയ വാർത്തയായിരിക്കുകയാണ്.
2025 നവംബറിൽ ബാംഗ്ലൂരിലേക്ക് പോകുന്നതിന് മുന്നോടിയായി അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായ വിവരം ശ്രദ്ധയിൽപ്പെട്ടത്. അതിന് പത്ത് ദിവസം മുമ്പ് വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. തുടക്കത്തിൽ കുടുംബാംഗങ്ങൾ ആരെങ്കിലും ആവശ്യത്തിനായി എടുത്തതാവാം എന്ന് കരുതി കൊട്ടാരത്തിനുള്ളിൽ തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ മാസങ്ങൾ നീണ്ട പരിശോധനകൾക്കൊടുവിലും ആഭരണങ്ങളെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മോഷണം നടന്നുവെന്ന നിഗമനത്തിൽ കുടുംബം പോലീസിനെ സമീപിച്ചത്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കൊട്ടാരത്തിലെത്തി പരിശോധന നടത്തും. അതീവ സുരക്ഷയുള്ള കൊട്ടാരത്തിനുള്ളിൽ അലമാര തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ചത് കൊട്ടാരത്തെയും പരിസരത്തെയും കുറിച്ച് വ്യക്തമായി അറിയാവുന്നവരാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം, പരാതിയിൽ പോലീസ് നടപടികൾ പുരോഗമിക്കുകയാണെങ്കിലും വിഷയത്തിൽ പരസ്യമായ പ്രതികരണത്തിന് രാജകുടുംബാംഗങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല.













