അമേരിക്കൻ പൗരാവകാശ സമരത്തിന്റെ ചരിത്രപുരുഷനായ ജെസി ജാക്സൻ്റെ അന്ത്യയാത്രയിൽ പങ്കെടുത്ത് മലയാളി മാധ്യമ പ്രവർത്തകൻ അലൻ ജോർജ്. ഷിക്കാഗോയിൽ നടന്ന അന്തിമാഞ്ജലിയിൽ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ബിൽ ക്ലിന്റൺ, ബരാക് ഒബാമ, ജോ ബൈഡൻ, മുൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻ്റൺ, മുൻ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നിവരടക്കമുള്ള നിരവധി പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

ഈ ചരിത്രപരമായ ചടങ്ങ് Asianet News വേണ്ടി റിപ്പോർട്ട് ചെയ്തത് മിഡ്‌വെസ്റ്റ് മേഖലയുടെ പ്രൊഡക്ഷൻ ഹെഡായ അലൻ ജോർജാണ്. ചടങ്ങിനിടെ അദ്ദേഹം ബിൽ ക്ലിന്റൺ, ഹിലരി ക്ലിന്റൺ, ബറാക് ഒബാമ, കമല ഹാരിസ് എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

അമേരിക്കയുടെ ഇതിഹാസ പൗരാവകാശ നേതാവിന്റെ സംസ്കാരച്ചടങ്ങ് ടെലിവിഷൻ വീഡിയോ മാധ്യമപ്രവർത്തകനായി നേരിട്ട് റിപ്പോർട്ട് ചെയ്ത ഏക വ്യക്തിയെന്ന പ്രത്യേകതയും അലൻ ജോർജിനുണ്ട്. “എന്റെ മാധ്യമജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരുന്നു ഇത്. പൗരാവകാശ സമരത്തിലെ ഒരു മഹാത്മാവിന് ആദരാഞ്ജലി അർപ്പിക്കാനും അമേരിക്കൻ പൊതുജീവിതത്തിലെ ഇതിഹാസങ്ങളായ നേതാക്കളുടെ സാന്നിധ്യത്തിൽ ആ നിമിഷങ്ങൾ റിപ്പോർട്ട് ചെയ്യാനും കഴിഞ്ഞത് വലിയ അനുഭവമായിരുന്നു,” എന്ന് അലൻ ജോർജ് പറഞ്ഞു. ഇതിനുമുമ്പ് അദ്ദേഹം റവ. ജെസ്സി ജാക്സണം ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി അഭിമുഖം ചെയ്തിട്ടുമുണ്ട്.













