ന്യൂഡല്‍ഹി: രാജ്യത്തെ പല ഗവര്‍ണര്‍മാരും തെറിച്ചു. മലയാളിയായിരുന്ന സി.വി ആനന്ദബോസ് ഇന്നലെ ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനം രാജി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാജ്യത്തെ പല പ്രധാന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരേയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെയും ഒഴിവാക്കിക്കൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കിയത്. ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ മാറ്റി. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ ബംഗാളിലേക്ക് മാറ്റിയപ്പോള്‍, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ നയതന്ത്രജ്ഞന്‍ തരണ്‍ജിത് സിംഗ് സന്ധുവിനെ നിയമിച്ചു.
പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരുമായി പലപ്പോഴും ഏറ്റുമുട്ടലുകള്‍ നടത്തിയിരുന്ന മലയാളി ഗവര്‍ണര്‍ സി.വി. ആനന്ദബോസിന്റെ രാജി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. മൂന്നര വര്‍ഷത്തെ സേവനം മതിയെന്ന് തീരുമാനിച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്. എന്നാല്‍, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് രാജിയെന്ന് മമത ബാനര്‍ജി ആരോപിച്ചു.
തമിഴ്നാട് സര്‍ക്കാരുമായി നിരന്തരം കൊമ്പുകോര്‍ത്തിരുന്ന ആര്‍.എന്‍. രവിയാണ് ഇനി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സുരക്ഷാ കാര്യങ്ങളില്‍ വലിയ വൈദഗ്ധ്യമുള്ള വ്യക്തിയാണ്. രവി ബംഗാളിലേക്ക് മാറുന്നതോടെ തമിഴ്നാടിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് നല്‍കി.
മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിനെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. വിനയ് കുമാര്‍ സക്‌സേനയെ ലഡാക്കിലേക്ക് മാറ്റി. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന സന്ധുവിന്റെ ഭരണപരിചയം ഡല്‍ഹിയിലെ സങ്കീര്‍ണ്ണമായ ഭരണസംവിധാനത്തിന് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ലഡാക്ക് എല്‍ജി ആയിരുന്ന കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായി നിയമിച്ചു.
റിട്ട. ലെഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്നൈനെ ബീഹാര്‍ ഗവര്‍ണറായി നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധിക്ക് പിന്നാലെയാണിത്. തെലങ്കാന ഗവര്‍ണറായിരുന്ന ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്ട്ര ഗവര്‍ണറായി മാറ്റി. ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവപ്രതാപ് ശുക്ലയെ തെലങ്കാനയിലേക്ക് മാറ്റി നിയമിച്ചു.
Many governors have failed: Arif Khan removed from Bihar Governor’s post













