കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെച്ചൊല്ലി പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്ന കെ. സുധാകരനെതിരെ കടുത്ത വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി. പാർട്ടിക്കുള്ളിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചർച്ച ചെയ്യേണ്ടത് പാർട്ടി വേദികളിലാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറന്നുപോകരുതെന്നും അച്ചടക്കം പാലിക്കണമെന്നും സുധാകരനെ ലക്ഷ്യം വെച്ച് മുല്ലപ്പള്ളി പറഞ്ഞു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു സീറ്റിനായി പോലും ആരോടും സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ഭിക്ഷാടനം നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടപ്പോഴൊക്കെയാണ് താൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചതെന്നും തുടർന്നുള്ള എല്ലാ മത്സരങ്ങളും ഹൈക്കമാൻഡ് നിർദ്ദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും എന്നാൽ നിലപാടുകൾ വ്യക്തമാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചോ എന്ന ചോദ്യത്തിന്, തന്റെ കാലത്തെ പട്ടികയിൽ കൃത്യമായ നീതി നടപ്പിലാക്കിയിരുന്നു എന്നായിരുന്നു മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും തുല്യമായ പരിഗണന നൽകുന്ന ശൈലിയാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സുധാകരന്റെ വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പുള്ള മുല്ലപ്പള്ളിയുടെ ഈ പ്രതികരണം കോൺഗ്രസിലെ ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാക്കിയിരിക്കുകയാണ്.













