‘ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ?’; പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ

‘ഭാര്യാപദം ഇപ്പോൾ പൊട്ടിമുളച്ചത് എങ്ങനെ?’; പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ

തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഉയർന്ന ‘ഭാര്യാപദം’ വിവാദത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾ അനാവശ്യമാണെന്ന് അദ്ദേഹം സംസ്ഥാന സമിതിയിൽ പറഞ്ഞു. താനുമായുള്ള വിവാഹത്തിന് മുൻപേ ഡി വൈ എഫ് ഐ ഭാരവാഹിയായും പാർട്ടി രംഗത്തും സജീവമായ വ്യക്തിയാണ് ശ്യാമളയെന്നും, പാർട്ടി ഏൽപ്പിച്ച നിരവധി ഉത്തരവാദിത്തങ്ങൾ അവർ മുൻപ് ഭംഗിയായി നിറവേറ്റിയിട്ടുണ്ടെന്നും ഗോവിന്ദൻ ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ ചില സംസ്ഥാന സമിതി അംഗങ്ങൾ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് എം.വി. ഗോവിന്ദൻ മറുപടി നൽകിയത്. ജില്ലാ ഘടകവും സംസ്ഥാന സെക്രട്ടേറിയറ്റും രണ്ടുതവണ പരിശോധിച്ച് ഉറപ്പുവരുത്തിയ പട്ടികയാണ് സമിതിക്ക് മുന്നിൽ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തളിപ്പറമ്പിലെ സ്ഥാനാർത്ഥിത്വത്തിൽ പുനരാലോചനയുടെ ആവശ്യമില്ലെന്നും ശ്യാമള തന്നെ മത്സരിക്കുമെന്നും പാർട്ടി നേതൃത്വം അന്തിമ തീരുമാനമെടുത്തു.

സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട മറ്റ് നിർണ്ണായക തീരുമാനങ്ങളും സംസ്ഥാന സമിതി കൈക്കൊണ്ടു. മഞ്ചേശ്വരത്ത് ബിജെപിയുടെ വിജയം തടയാൻ സ്ഥാനാർത്ഥി പട്ടിക പുനഃപരിശോധിക്കാൻ തീരുമാനിച്ചു. പാർട്ടിയുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാനും അദ്ദേഹത്തിന്റെ അതൃപ്തി പരിഹരിക്കാനും നേതൃത്വം ഇടപെടും. അതേസമയം, കുന്നംകുളത്ത് എ.സി. മൊയ്തീനും മണലൂരിൽ സി. രവീന്ദ്രനാഥും സ്ഥാനാർത്ഥികളാകും. യുവനേതാവ് എം. സ്വരാജ് ഇത്തവണ മത്സരിക്കില്ലെന്നും പാലക്കാട് പി. സരിന് സീറ്റുണ്ടാകില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Share Email
LATEST
More Articles
Top