സർക്കാർ ആശുപത്രികളിലെ ജീവനക്കാരുടെ ജോലി സമയം പുനഃക്രമീകരിച്ച് സർക്കാർ ഉത്തരവിറക്കി. ഒപി ഡ്യൂട്ടി സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ചു. പുതുക്കിയ ക്രമമനുസരിച്ച് രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയായിരിക്കും ഒപി പ്രവർത്തിക്കുക. ഡോക്ടർമാരുടെ ജോലി ഭാരം ലഘൂകരിക്കുന്നതിന് പകരം സമയം നീട്ടുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടനകൾ വ്യക്തമാക്കി.
ആശുപത്രി സൂപ്രണ്ടുമാരുടെയും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെയും ജോലി സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സൂപ്രണ്ടുമാർ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെയും ഡെപ്യൂട്ടി സൂപ്രണ്ടുമാർ രാവിലെ പത്തു മുതൽ അഞ്ചു വരെയും ഡ്യൂട്ടി ചെയ്യണം. ഭരണപരമായ കാര്യങ്ങൾക്കൊപ്പം രോഗീ പരിചരണവും മെച്ചപ്പെടുത്താനാണ് ഈ മാറ്റമെന്നാണ് സർക്കാർ വിശദീകരണം.
പുതുക്കിയ സമയക്രമം അംഗീകരിക്കില്ലെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. അധിക നിയമനങ്ങൾ നടത്താതെ നിലവിലുള്ള ജീവനക്കാരുടെ ഡ്യൂട്ടി സമയം വർദ്ധിപ്പിക്കുന്നത് ആരോഗ്യമേഖലയെ തകർക്കുമെന്ന് സംഘടന കുറ്റപ്പെടുത്തി. തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും അല്ലാത്തപക്ഷം സമരത്തിലേക്ക് നീങ്ങുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.













