ന്യൂഡൽഹി: ടോൾ പ്ലാസകളിലൂടെയുള്ള യാത്ര സുഗമമാക്കുന്ന ഫാസ്‌ടാഗ് (FASTag) വാർഷിക പാസ് നിരക്ക് ദേശീയപാതാ അതോറിറ്റി (NHAI) വർധിപ്പിച്ചു. 3,000 രൂപയിൽ നിന്ന് 3,075 രൂപയായാണ് വാർഷിക പാസ് നിരക്ക് ഉയർത്തിയത്. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലെയും എക്സ്പ്രസ് വേകളിലെയും ഏകദേശം 1150 ടോൾ പ്ലാസകളിൽ ഈ പാസ് ഉപയോഗിക്കാവുന്നതാണ്.
വർഷത്തിൽ 200 തവണ ടോൾ ഫീസ് നൽകാതെ യാത്ര ചെയ്യാമെന്നതാണ് വാർഷിക പാസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇടയ്ക്കിടെ ടോൾ അടയ്ക്കുന്നതിന്റെയും റീചാർജ് ചെയ്യുന്നതിന്റെയും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. നിലവിൽ രാജ്യത്ത് 56 ലക്ഷത്തോളം പേർ ഫാസ്‌ടാഗ് വാർഷിക പാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിത്യേന ജോലി ആവശ്യങ്ങൾക്കും മറ്റും ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ പാസ് വലിയ സാമ്പത്തിക ലാഭം നൽകുന്നുണ്ട്.
എൻ.എച്ച്.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓൺലൈനായി ഈ പാസ് വാങ്ങാവുന്നതാണ്. വാഹനത്തിന്റെ യോഗ്യതയും ഫാസ്‌ടാഗ് വാലിഡിറ്റിയും പരിശോധിച്ച ശേഷം 3,075 രൂപ അടച്ച് പാസ് സ്വന്തമാക്കാം. പണമടച്ച് രണ്ട് മണിക്കൂറിനുള്ളിൽ പാസ് ആക്ടീവാകും. എന്നാൽ, മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം യാത്ര ചെയ്യുന്നവർക്ക് ഈ പാസ് ലാഭകരമാകില്ലെന്നും ഒരിക്കൽ പണമടച്ചാൽ അത് തിരികെ ലഭിക്കില്ലെന്നും ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി.













