ഇന്ത്യക്കെതിരെ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തെന്നാരോപിച്ച് ഒരു അമേരിക്കൻ പൗരനെയും ആറ് യുക്രൈൻ പൗരന്മാരെയും ദേശീയ അന്വേഷണ ഏജൻസി (NIA) അറസ്റ്റ് ചെയ്തു. ഡൽഹി, ലക്‌നൗ, കൊൽക്കത്ത വിമാനത്താവളങ്ങളിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇവരെ പിടികൂടിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദി സംഘടനകളുമായി ചേർന്ന് ഇവർ ഗൂഢാലോചന നടത്തിയതായാണ് കണ്ടെത്തൽ.
മ്യാന്മാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിഘടനവാദി ഗ്രൂപ്പുകൾക്ക് ആയുധ പരിശീലനവും ഡ്രോൺ ഉപയോഗിച്ചുള്ള സ്ഫോടന വിദ്യകളും നൽകിയെന്ന് എൻഐഎ ഡൽഹി കോടതിയെ അറിയിച്ചു. അറസ്റ്റിലായ അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക് ഇതിന് നേരിട്ട് നേതൃത്വം നൽകിയതായും അന്വേഷണസംഘം വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഇവർ വലിയ ഭീഷണി ഉയർത്തിയതായി കോടതി വിലയിരുത്തി.
പിടിക്കപ്പെട്ട ഏഴ് പ്രതികളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. വിദേശ പൗരന്മാർക്ക് വിഘടനവാദി സംഘടനകളുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ വിദേശികൾക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും എൻഐഎ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.













