ഇന്ത്യയുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാനും വിവരങ്ങൾ ചോർത്താനും പാകിസ്ഥാന് ഒത്താശ ചെയ്ത ഒമ്പത് പേരെ കൂടി സുരക്ഷാ ഏജൻസികൾ പിടികൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിച്ച് പാകിസ്ഥാൻ സ്വദേശികൾക്ക് ദൃശ്യങ്ങൾ നേരിട്ട് കാണാൻ സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം 15 ആയി ഉയർന്നു.
ഹരിയാനയിലെ സോനിപത്തിലും ഡൽഹി കന്റോൺമെന്റിലുമാണ് ഇവർ പ്രധാനമായും ഇത്തരം ക്യാമറകൾ സ്ഥാപിച്ചിരുന്നത്. ഇൻബിൽറ്റ് സിം കാർഡ് സംവിധാനമുള്ള ക്യാമറകളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. സൈനിക കേന്ദ്രങ്ങൾക്ക് സമീപം സ്ഥാപിച്ച ഈ ക്യാമറകളുടെ നിയന്ത്രണവും ദൃശ്യങ്ങൾ കാണാനുള്ള ആക്സസും പാകിസ്ഥാനിലുള്ളവർക്ക് ഇവർ കൈമാറുകയായിരുന്നു. നേരത്തെ ആറ് പേരെ ഇതേ കേസിൽ അന്വേഷണസംഘം പിടികൂടിയിരുന്നു.
രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവകരമായ കുറ്റകൃത്യമായാണ് കേന്ദ്ര ഏജൻസികൾ ഇതിനെ കാണുന്നത്. പിടിയിലായവർക്ക് അന്താരാഷ്ട്ര ചാരസംഘടനകളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. തന്ത്രപ്രധാന മേഖലകളിൽ ഇത്തരം ക്യാമറകൾ സ്ഥാപിക്കാൻ ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകാനാണ് സാധ്യത.













