കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ തന്നെ മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഹൈക്കമാൻഡിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ ചർച്ചകൾക്കായി ദില്ലിയിലേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. നാളെ ദില്ലിയിലെത്താൻ രാഹുൽ ഗാന്ധിയുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നെങ്കിലും കേരളത്തിലെ നേതാക്കളുമായി ഇനി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് സുധാകരൻ. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന കെപിസിസി നേതൃത്വത്തിന്റെ നിലപാടിൽ മാറ്റമില്ലാത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്.
അടൂർ പ്രകാശിന് മാത്രം മത്സരത്തിൽ ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹങ്ങൾ സുധാകരന്റെ പ്രകോപനം വർദ്ധിപ്പിച്ചിട്ടുണ്ട്. സുധാകരന്റെ ഈ പിടിവാശിയിൽ കണ്ണൂരിലെ പ്രാദേശിക നേതാക്കൾക്കിടയിൽ അതൃപ്തി പുകയുകയാണ്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്നാണ് ജില്ലയിലെ നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, സ്ഥാനാർത്ഥി നിർണ്ണയത്തിൽ സമ്മർദ്ദങ്ങൾക്കോ പോസ്റ്റർ പ്രതിഷേധങ്ങൾക്കോ വഴങ്ങേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം.
അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി. പരിഭവങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കുന്നത് തെറ്റല്ലെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരൻ പാർട്ടിയെ അനുസരിക്കാത്ത ആളാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പാർട്ടിയോടുള്ള സ്നേഹമാണ് കാണിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു. ജയസാധ്യത മാത്രം പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥികളെ തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













