ന്യൂഡൽഹി: പശ്ചിമേഷ്യയിലും യുക്രൈനിലും യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ സമാധാനത്തിനായുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ‘യുദ്ധത്തിന്റെ യുഗമല്ലിത്’ എന്ന തന്റെ മുൻപത്തെ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. ലോകക്രമം നിയമങ്ങൾ പാലിക്കുന്നതാകണം. സംഘർഷങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മനുഷ്യജീവനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്നും മോദി പറഞ്ഞു.
മാറുന്ന ലോകസാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ (UN) അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ ഉടൻ നവീകരിക്കപ്പെടണം. വർദ്ധിച്ചുവരുന്ന ആഗോള പ്രതിസന്ധികൾ നേരിടാൻ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായുള്ള വാദമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഏത് ശ്രമങ്ങൾക്കും ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിൽ എത്തിയതിനിടെയാണ് പ്രധാനമന്ത്രിയുടെ ഈ സന്ദേശം വരുന്നത്. ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെയും ലക്ഷക്കണക്കിന് വരുന്ന പ്രവാസികളെയും ബാധിക്കുന്ന വിഷയമായതിനാൽ പശ്ചിമേഷ്യയിലെ ഓരോ ചലനവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.













