സ്വതന്ത്രനല്ല പി കെ ശശി; ഒറ്റപ്പാലത്ത് കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

സ്വതന്ത്രനല്ല പി കെ ശശി; ഒറ്റപ്പാലത്ത് കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കും

സിപിഎം വിട്ട മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ശശി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ ജനവിധി തേടും. നേരത്തെ ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് കൈപ്പത്തി ചിഹ്നം അനുവദിക്കാൻ തീരുമാനിച്ചത്. സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്കെതിരെ പരസ്യമായി രംഗത്തുവന്നതിനെത്തുടർന്ന് ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.

മണ്ഡലത്തിൽ ഇതിനകം സ്ഥാപിച്ച പ്രചാരണ ബോർഡുകളിലെല്ലാം യുഡിഎഫ് സ്ഥാനാർത്ഥി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിലുൾപ്പെടെ ചിഹ്നം പ്രദർശിപ്പിച്ചിരുന്നില്ലെങ്കിലും പുതിയ തീരുമാനത്തോടെ കൈപ്പത്തി ചിഹ്നത്തിലാകും ഇനി പ്രചാരണം നടക്കുക. സിപിഎം കോട്ടകളിൽ വിള്ളലുണ്ടാക്കാൻ ശശിയുടെ സ്ഥാനാർത്ഥിത്വം സഹായിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. തന്നെ പുറത്താക്കിയ നടപടിയോട് പതറാതെ പ്രതികരിച്ച ശശി, മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട്.

സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന പി.കെ. ശശി കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുന്നത് രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട് പുറത്തുപോയ നേതാവിനെ കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിപ്പിക്കാനുള്ള തീരുമാനം ഒറ്റപ്പാലത്തെ പോരാട്ടം കൂടുതൽ ശക്തമാക്കും. ഇടതുമുന്നണി കോട്ടയിൽ അട്ടിമറി വിജയം നേടാമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. വരും ദിവസങ്ങളിൽ മണ്ഡലത്തിൽ കൂടുതൽ പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തും.

Share Email
LATEST
More Articles
Top