ഇസ്ലാമാബാദ്: ഇന്ത്യയും കാനഡയും തമ്മിലുള്ള പുതിയ യുറേനിയം വിതരണ കരാറിലും ആണവ സാങ്കേതിക സഹകരണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി പാകിസ്താൻ. ഈ കരാർ ഇന്ത്യയുടെ ആണവായുധ ശേഖരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ആഗോള ആണവ വ്യാപന നിരോധന ചട്ടക്കൂടിനെ (Non-proliferation framework) തകർക്കുമെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകി.
ഇന്ത്യയും കാനഡയും തമ്മിൽ ദീർഘകാല യുറേനിയം വിതരണത്തിനും ചെറുകിട മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആണവ സാങ്കേതികവിദ്യകളിൽ സഹകരിക്കാനും ധാരണയായതിന് പിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.
വിദേശത്തുനിന്ന് ഉറപ്പായും യുറേനിയം ലഭിക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര യുറേനിയം ശേഖരം സൈനിക ആവശ്യങ്ങൾക്കായി മാറ്റിവെക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി പറഞ്ഞു.ഇത് ഇന്ത്യയുടെ ആണവായുധ നിർമ്മാണത്തിനാവശ്യമായ ഇന്ധന ശേഖരം (Fissile material) വർദ്ധിപ്പിക്കുകയും ദക്ഷിണേഷ്യയിലെ തന്ത്രപരമായ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആരോപിച്ചു













