ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ് പ്രഖ്യാപിച്ച് സർക്കാർ. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 രൂപ വീതം വർദ്ധിപ്പിച്ചു. പശ്ചിമേഷ്യയിൽ ഇറാൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ യുദ്ധം രൂക്ഷമായതോടെ ആഗോള എണ്ണ വിതരണ ശൃംഖല തടസ്സപ്പെട്ടു.
വെള്ളിയാഴ്ച രാത്രി ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ, ധനമന്ത്രി മുഹമ്മദ് ഔറംഗസീബ്, പെട്രോളിയം മന്ത്രി അലി പർവേസ് മാലിക് എന്നിവർ നടത്തിയ അടിയന്തര വാർത്താ സമ്മേളനത്തിലാണ് പുതിയ വില പ്രഖ്യാപിച്ചത്. മാർച്ച് 7 അർദ്ധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിലവിൽ പാകിസ്ഥാനിൽ പെട്രോൾ ലിറ്ററിന് 321.17 പാക് രൂപയും ഡീസൽ വില ലിറ്ററിന് 335.86 പാക് രൂപയുമാണ്. വിലവർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ലാഹോർ, കറാച്ചി, ഇസ്ലാമാബാദ്, റാവൽപിണ്ടി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഇന്ധന പമ്പുകളിൽ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടു. ആയിരക്കണക്കിന് വാഹന ഉടമകൾ ഇന്ധനം നിറയ്ക്കാനായി പമ്പുകളിലേക്ക് ഇരച്ചെത്തിയതോടെ കിലോമീറ്ററുകളോളം നീളുന്ന ക്യൂ രൂപപ്പെട്ടു.













