പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടാകുമെന്ന അഭ്യൂഹങ്ങളിൽ പരിഭ്രമിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള ഊർജ്ജ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ശരിയായ വിവരങ്ങൾ മാത്രം പങ്കുവെക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ‘ഇന്ത്യ ഫസ്റ്റ്’ എന്നതാണ് സർക്കാരിന്റെ പ്രത്യയശാസ്ത്രമെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ആവശ്യങ്ങൾക്കുമാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയെ രാജ്യം ഒറ്റക്കെട്ടായി അതിജീവിച്ചതുപോലെ ഈ സാഹചര്യത്തെയും മറികടക്കാനാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കാൻ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി എണ്ണ ശുദ്ധീകരണ ശാലകളിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി. ഇറക്കുമതിക്കായി റഷ്യ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളെക്കൂടി ആശ്രയിക്കുന്നുണ്ടെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മന്ത്രിമാരുടെ ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.













