സ്ത്രീകൾക്ക് സൗജന്യ യാത്രയും കോളേജ് വിദ്യാർഥിനികൾക്ക് 1000 രൂപയും, ക്ഷേമ പെൻഷൻ 3000, ഉമ്മൻചാണ്ടി സൗജന്യ ഇൻഷുറൻസ് 25 ലക്ഷം, കേരളത്തിൽ 5 ഗ്യാരണ്ടി പ്രഖ്യാപിച്ച് രാഹുൽ

സ്ത്രീകൾക്ക് സൗജന്യ യാത്രയും കോളേജ് വിദ്യാർഥിനികൾക്ക് 1000 രൂപയും, ക്ഷേമ പെൻഷൻ 3000, ഉമ്മൻചാണ്ടി സൗജന്യ ഇൻഷുറൻസ് 25 ലക്ഷം, കേരളത്തിൽ 5 ഗ്യാരണ്ടി പ്രഖ്യാപിച്ച് രാഹുൽ

തിരുവനന്തപുരം: കർണാടകയിലും തെലങ്കാനയിലും അധികാരം പിടിച്ചതിന് സമാനമായ ‘അഞ്ചിന ഗ്യാരണ്ടി’കളുമായി കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഗാന്ധി തുടക്കമിട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം, ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കൽ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് ഉറപ്പാക്കുന്ന ആരോഗ്യ പദ്ധതി, യുവ സംരംഭകർക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിവയും രാഹുൽ പ്രഖ്യാപിച്ചു. വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സംസ്ഥാനത്ത് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് ആവേശത്തിന് കരുത്തുപകരുന്ന ജനപ്രിയ പ്രഖ്യാപനങ്ങൾ രാഹുൽ നടത്തിയത്.

അഞ്ചിന ഗ്യാരണ്ടി

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000

കെ എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും.

ക്ഷേമ പെൻഷൻ ₹3,000 ആയി ഉയർത്തും

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.

25 ലക്ഷം ഇൻഷുറൻസ്

കുടുംബങ്ങൾക്ക് ₹25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്: ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കുന്. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

യുവ സംരംഭകർക്ക് ₹5 ലക്ഷം പലിശരഹിത വായ്പ

സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.

മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്

കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.

കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക, എല്ലാ പൗരന്മാർക്കും സമഗ്രമായ സാമൂഹിക സുരക്ഷ ഒരുക്കുക എന്നിവയാണ് ഈ പദ്ധതികളുടെ കാതൽ. സാധാരണക്കാരുടെ ജീവിതനിലവാരം നേരിട്ട് മെച്ചപ്പെടുത്തുന്ന ഉൾക്കൊള്ളുന്ന വികസനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ജനക്ഷേമം, പുതിയ തൊഴിൽ അവസരങ്ങൾ, അന്തസ്സുള്ള ജീവിതം എന്നിവയിൽ അധിഷ്ഠിതമായ ​ഗ്യാരൻ്റികളാണ് കോൺഗ്രസ് നേതൃത്വം ഈ വാഗ്ദാനങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.

Share Email
Top