ആവേശം വിതറി രാഹുൽ ഗാന്ധിയുടെ പ്രചരണം; അധികാരത്തിലേറിയാൽ ആദ്യ തീരുമാനം റബറിന് 250 രൂപ താങ്ങുവില, കേരളത്തിൽ ഒരുനാൾ വനിതാ മുഖ്യമന്ത്രി സ്വപ്നവും പങ്കുവച്ചു

ആവേശം വിതറി രാഹുൽ ഗാന്ധിയുടെ പ്രചരണം; അധികാരത്തിലേറിയാൽ ആദ്യ തീരുമാനം റബറിന് 250 രൂപ താങ്ങുവില, കേരളത്തിൽ ഒരുനാൾ വനിതാ മുഖ്യമന്ത്രി സ്വപ്നവും പങ്കുവച്ചു

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് കോട്ടയത്തെ യുഡിഎഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞാണ് രാഹുൽ പുതുപ്പള്ളിയിൽ പ്രസംഗം ആരംഭിച്ചത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്നും ഇത് ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പത്ത് വർഷം ഭരണത്തിലിരുന്നിട്ടും റബർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത് സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു.

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി ചുമതലയേൽക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന തന്റെ സ്വപ്നവും രാഹുൽ ഗാന്ധി പങ്കുവെച്ചു. ഈ നിർദ്ദേശം മുന്നോട്ടുവെച്ചപ്പോൾ സദസ്സിലെ പുരുഷ പ്രവർത്തകർ കാര്യമായി കൈയടിച്ചില്ലെന്നും എന്നാൽ സ്ത്രീകൾ ആവേശത്തോടെയാണ് പ്രതികരിച്ചതെന്നും അദ്ദേഹം തമാശരൂപേണ ചൂണ്ടിക്കാട്ടി. വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ പ്രധാന ലക്ഷ്യമെന്നും ഇതിനായി പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു. ചാണ്ടി ഉമ്മനെ കൈ പിടിച്ചിയർത്തി പുതുപ്പള്ളിയിൽ അദ്ദേഹം പ്രവർത്തകർക്ക് ആവേശം പകർന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ഒരുപോലെ കടന്നാക്രമിച്ച രാഹുൽ, മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്ന് ആരോപിച്ചു. പിണറായി വിജയനെയും മക്കളെയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യാത്തത് കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്ന് മോദി ആഗ്രഹിക്കുന്നത് കൊണ്ടാണ്. മോദി സർക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. അമേരിക്കയുമായുള്ള കരാറുകളിലൂടെ ഇന്ത്യൻ കർഷകരെ മോദി തീറെഴുതിക്കൊടുത്തുവെന്നും പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത വരും നാളുകളിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST
Top