വേദിയിൽ പാരഡി പാടി രാഹുൽ; ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് ചോദിച്ചപ്പോൾ ‘സഖാക്കളാണെ അയ്യപ്പാ’ എന്ന് സദസ്സ്

വേദിയിൽ പാരഡി പാടി രാഹുൽ; ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് ചോദിച്ചപ്പോൾ ‘സഖാക്കളാണെ അയ്യപ്പാ’ എന്ന് സദസ്സ്

പത്തനംതിട്ട: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയും കേന്ദ്രത്തിലെ ബിജെപി ഭരണത്തെയും ഒരുപോലെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു എൽഡിഎഫ് സർക്കാരിനെതിരെയുള്ള രാഹുലിന്റെ പ്രധാന വിമർശനം. പ്രസംഗവേദിയിൽ വെച്ച് അദ്ദേഹം ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡി ഉയർത്തിയപ്പോൾ, ‘സഖാക്കളാണെ അയ്യപ്പാ’ എന്ന് തിങ്ങിനിറഞ്ഞ സദസ്സിൽ നിന്നും മറുപടിപ്പാട്ട് ഉയർന്നത് കൗതുകകരമായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന് മാത്രമേ കരുത്തുള്ളൂ എന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് കേരളത്തിൽ യുഡിഎഫിനെ തടയാൻ ബിജെപി ശ്രമിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ബിജെപി വിരുദ്ധ നിലപാട് പറയുന്ന കേരള മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര ഏജൻസികൾ ഒരു നടപടിയും എടുക്കുന്നില്ലെന്നത് ഈ ഒത്തുകളിയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്നും രാഹുൽ തുറന്നടിച്ചു.

തന്റെ പ്രസംഗത്തിൽ റബ്ബർ കർഷകരുടെ ദുരവസ്ഥയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മുൻപ് യുഡിഎഫ് സർക്കാർ നൽകിയിരുന്ന സബ്‌സിഡികളും ആനുകൂല്യങ്ങളും എൽഡിഎഫ് ഭരണത്തിൽ ഇല്ലാതായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരുടെയും സ്ത്രീകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദി കേരളത്തിൽ എത്തിയപ്പോൾ ശബരിമലയെക്കുറിച്ചും ഇവിടുത്തെ വിശ്വാസികളെക്കുറിച്ചും മിണ്ടാൻ തയ്യാറാകാത്തതിനെയും രാഹുൽ പരിഹസിച്ചു.


Share Email
LATEST
Top