കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തും. ഈ മാസം 25-ന് കോഴിക്കോട് നടക്കുന്ന വമ്പിച്ച റാലിയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം യുഡിഎഫിന്റെ സംസ്ഥാനതല പ്രചാരണത്തിന് തുടക്കം കുറിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ നേതാക്കളെ അണിനിരത്തി ശക്തമായ പ്രചാരണത്തിനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ കേരളത്തിലെത്തുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ഓരോ മണ്ഡലത്തിലും കേന്ദ്ര നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കി ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനാണ് പാർട്ടി നീക്കം.
കോഴിക്കോട്ടെ റാലിക്ക് ശേഷം മറ്റ് പ്രധാന നഗരങ്ങളിലും രാഹുൽ ഗാന്ധി പ്രസംഗിക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം മലബാർ മേഖലയിലെ യുഡിഎഫ് വിജയസാധ്യത വർദ്ധിപ്പിക്കുമെന്ന് നേതാക്കൾ കരുതുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങി ദേശിയ നേതാക്കളുടെ പട തന്നെ കേരളത്തിലെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായെത്തും.











