കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ പ്രചാരണത്തില്‍ യുഡിഎഫിന് ആവേശ വിതറി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് പ്രചാരണത്തിനെത്തും.വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വമ്പന്‍ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും.
യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാക്കളും സ്ഥാനാര്‍ത്ഥികളും രാഹുല്‍ ഗാന്ധിക്കൊപ്പം വേദിയില്‍ അണിനിരക്കും.പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന നേതൃയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ക്ഷേമം, തൊഴില്‍, ഭരണപരിഷ്‌കാരങ്ങള്‍ എന്നിവയില്‍ യുഡിഎഫ് നല്‍കുന്ന ഉറപ്പുകള്‍ ഉള്‍പ്പെടുത്തിയ ‘ഗ്യാരണ്ടി കാര്‍ഡ്’ രാഹുല്‍ ഗാന്ധി ഈ റാലിയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
എല്‍ഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പര്യടനം കോട്ടയം ജില്ലയിലാണ്. രാവിലെ പത്തിന് കാഞ്ഞിരപ്പള്ളിയില്‍ അദ്ദേഹം പത്ര നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ചങ്ങനാശേരി, ഏറ്റുമാനൂര്‍, പാലാ എന്നിവിടങ്ങളിലും മുഖ്യമന്ത്രിയുടെ പൊതുസമ്മേളനങ്ങള്‍ നടക്കും. വികസനത്തുടര്‍ച്ചയും ഭരണനേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്. രാവിലെ ഒന്‍പതിന് ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനിലും അദ്ദേഹം മുഖ്യാതിഥിയാകും. പ്രമുഖ നേതാക്കളുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഗോദ വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.
വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടെ കളത്തിലിറക്കിയാണ് ബിജെപി പ്രചാരണം പൊടിപാറിക്കുന്നത്.
Rahul to visit Kozhikode today to invigorate UDF’s election campaign













