ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക പ്രതിസന്ധിക്ക് ആശ്വാസമായി രണ്ട് വലിയ എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചാർട്ടർ ചെയ്ത ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകളാണ് കടലിടുക്കിലെ തടസ്സങ്ങൾ മറികടന്ന് ഇന്ത്യൻ തീരത്തേക്ക് വരുന്നത്. അടുത്ത ആഴ്ചയോടെ ഈ കപ്പലുകൾ ഇന്ത്യയിലെത്തുമെന്നും ഇതോടെ പാചകവാതക വിതരണം സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായ യാത്ര അനുവദിക്കണമെന്ന് ഇറാനുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഈ ടാങ്കറുകൾക്ക് അനുമതി ലഭിച്ചത്. ഖത്തറിലെ റാസ് ലഫാനിൽ നിന്നാണ് കപ്പലുകൾ പുറപ്പെട്ടത്. കപ്പലുകളുടെ സ്ഥാനം വ്യക്തമാക്കുന്ന എഐഎസ് (AIS) സംവിധാനങ്ങൾ വഴി ശിവാലിക് ഇതിനകം കടലിടുക്ക് പിന്നിട്ടതായും നന്ദാദേവി കടന്നുകൊണ്ടിരിക്കുകയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ 90 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം കാരണം രാജ്യത്ത് വലിയ തോതിലുള്ള ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് കേന്ദ്ര സർക്കാർ ഗ്യാസ് ബുക്കിംഗിൽ 45 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ ടാങ്കറുകൾ എത്തുന്നതോടെ വിപണിയിലെ ആശങ്കകൾ മാറുമെന്നും പാനിക് ബുക്കിംഗിന്റെ ആവശ്യം ഉണ്ടാകില്ലെന്നും അധികൃതർ വിലയിരുത്തുന്നു.













