അമേരിക്ക-ഇറാൻ യുദ്ധത്തിലെ ഏക വിജയി റഷ്യ; ട്രംപിന് മുന്നിൽ കണക്ക് നിരത്തി യൂറോപ്യൻ യൂണിയൻ മേധാവി, ‘റഷ്യ കൂടുതൽ കരുത്താർജിക്കുന്നു’

അമേരിക്ക-ഇറാൻ യുദ്ധത്തിലെ ഏക വിജയി റഷ്യ; ട്രംപിന് മുന്നിൽ കണക്ക് നിരത്തി യൂറോപ്യൻ യൂണിയൻ മേധാവി, ‘റഷ്യ കൂടുതൽ കരുത്താർജിക്കുന്നു’

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഏക ഗുണഭോക്താവ് റഷ്യയാണെന്ന് യൂറോപ്യൻ യൂണിയൻ മേധാവി അന്റോണിയോ കോസ്റ്റ. ഇറാൻ-ഇസ്രായേൽ സംഘർഷം സൃഷ്ടിച്ച ഊർജ്ജ പ്രതിസന്ധി റഷ്യക്ക് വൻ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും യുക്രെയ്നിൽ നിന്നുള്ള ലോകശ്രദ്ധ തിരിച്ചുവിടാൻ ഇത് സഹായിച്ചുവെന്നും അദ്ദേഹം ബ്രസൽസിൽ പറഞ്ഞു. എണ്ണവില വർദ്ധനവിലൂടെ ലഭിക്കുന്ന പണം റഷ്യ യുക്രെയ്നെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും കോസ്റ്റ കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിനിടെ ചില രാജ്യങ്ങൾക്കുമേലുള്ള ഉപരോധങ്ങൾ താത്കാലികമായി നീക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രഖ്യാപനം വന്നത് എന്നത് ശ്രദ്ധേയമാണ്.

യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് മോസ്കോയുടെ വരുമാനം തടയാൻ ഏർപ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങൾ ഇതോടെ അയഞ്ഞേക്കും. ഏത് രാജ്യങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങളാണ് നീക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇത് റഷ്യയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ വിമർശിച്ചു.

ബോംബുകളിലൂടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നേടിയെടുക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്നും കോസ്റ്റ ഓർമ്മിപ്പിച്ചു. റഷ്യ സമാധാനം ലംഘിക്കുമ്പോൾ ചൈന വ്യാപാരം തടസ്സപ്പെടുത്തുകയും അമേരിക്ക നിയമവ്യവസ്ഥയെ അട്ടിമറിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യം റഷ്യയെ കൂടുതൽ കരുത്തരാക്കുന്നുവെന്ന ആശങ്കയാണ് യൂറോപ്യൻ യൂണിയൻ പങ്കുവെക്കുന്നത്.

Share Email
LATEST
More Articles
Top