ഇറാന് കൈത്താങ്ങായി റഷ്യ; 13 ടൺ മരുന്നുകളടക്കമുള്ള സഹായവുമായി വിമാനമെത്തി, മാനുഷിക സഹായമെത്തിക്കുന്ന ആദ്യ രാജ്യം

ഇറാന് കൈത്താങ്ങായി റഷ്യ; 13 ടൺ മരുന്നുകളടക്കമുള്ള സഹായവുമായി വിമാനമെത്തി, മാനുഷിക സഹായമെത്തിക്കുന്ന ആദ്യ രാജ്യം
Share Email

ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങളിൽ പ്രതിസന്ധി നേരിടുന്ന ഇറാന് മാനുഷിക സഹായവുമായി റഷ്യ രംഗത്തെത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദ്മീർ പുടിന്റെ പ്രത്യേക ഉത്തരവ് പ്രകാരം 13 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളുമായി റഷ്യയുടെ ഐഎൽ 76 വിമാനം അസർബൈജാനിലെത്തി. ഇവിടെനിന്നാണ് സഹായം ഇറാൻ അധികൃതർക്ക് കൈമാറുന്നത്. യുദ്ധസാഹചര്യത്തിൽ ഇറാന് ഇത്തരത്തിൽ പരസ്യമായി സഹായം എത്തിക്കുന്ന ആദ്യ രാജ്യമാണ് റഷ്യ.

ഇറാന്റെ ആണവനിലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലാവ്‌റോവ് റഷ്യയുടെ നിലപാട് വ്യക്തമാക്കിയത്. ആണവോർജ്ജം സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഏതൊരു രാജ്യത്തിനും അവകാശമുണ്ടെന്നും അതിനെ തടയാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ഏജൻസികളെ പാശ്ചാത്യ രാജ്യങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ റഷ്യ ആശങ്ക രേഖപ്പെടുത്തി. ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അന്താരാഷ്ട്ര ഏജൻസികൾ നിഷ്പക്ഷത പാലിക്കണമെന്ന് ലാവ്‌റോവ് ആവശ്യപ്പെട്ടു. സപ്പോറോഷ്യ, ഇറാൻ എന്നിവിടങ്ങളിലെ ആണവനിലയങ്ങളുടെ സുരക്ഷാ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇറാനുമായുള്ള സഹകരണം ശക്തമായി തുടരുമെന്ന പ്രഖ്യാപനം കൂടിയായി റഷ്യയുടെ ഈ നീക്കം.

Share Email
LATEST
More Articles
Top