നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രാജിക്കൊരുങ്ങുന്നു. ഇടുക്കി, പൂഞ്ഞാർ, പീരുമേട് മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ അലോഷ്യസിനെ പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവസാന പട്ടിക വന്നപ്പോൾ പേര് ഒഴിവാക്കപ്പെടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പദവി ഒഴിയാനുള്ള തീരുമാനം.
ആദ്യം പീരുമേട് സീറ്റിലായിരുന്നു അലോഷ്യസിനെ പരിഗണിച്ചിരുന്നത്. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഇത് നിഷേധിക്കപ്പെട്ടു. പിന്നീട് ഇടുക്കി സീറ്റിലും ഒടുവിൽ പൂഞ്ഞാറിലും സാധ്യതകൾ തെളിഞ്ഞെങ്കിലും മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്ന വാദം ഉയർന്നതോടെ അലോഷ്യസ് പൂർണ്ണമായും തഴയപ്പെടുകയായിരുന്നു.
കെ. സുധാകരൻ, എൽദോസ് കുന്നപ്പള്ളി എന്നിവർക്ക് പിന്നാലെ അലോഷ്യസ് സേവ്യറും അതൃപ്തി പരസ്യമാക്കിയത് കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലെ യുവജനവിഭാഗം അധ്യക്ഷൻ തന്നെ കലാപക്കൊടി ഉയർത്തുന്നത് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.













