കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന് കനത്ത തിരിച്ചടി. കേസിൽ തനിക്ക് ലഭിച്ച ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് മത്സരിക്കാനാകില്ല. നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത അദ്ദേഹത്തിന് തുടരും.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിലെ തൊണ്ടിമുതലായ വസ്ത്രത്തിൽ മാറ്റം വരുത്തിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. ഈ കേസിൽ ശിക്ഷിക്കപ്പെട്ടതോടെയാണ് അദ്ദേഹം നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും ഇത് രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്നും ആന്റണി രാജു കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്.
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആന്റണി രാജുവിന് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്. മൂന്ന് വർഷത്തെ തടവ് ശിക്ഷ നിലനിൽക്കുന്നതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അർഹതയില്ല. കോടതി വിധി വന്നതോടെ മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ട അവസ്ഥയിലാണ് എൽഡിഎഫ്. ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ ആന്റണി രാജുവിന് സുപ്രീം കോടതിയെ സമീപിക്കാമെങ്കിലും തിരഞ്ഞെടുപ്പ് തീയതി അടുത്തതിനാൽ അത് എത്രത്തോളം പ്രായോഗികമാകുമെന്ന് വ്യക്തമല്ല.












