പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സൻ ഒളിവിൽ തുടരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇയാൾ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബലാത്സംഗം, എസ്‌സി-എസ്ടി പീഡന നിരോധന നിയമം എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ അറസ്റ്റ് ഒഴുവാക്കാനായി പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്.
പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാർഡിലെ കൗൺസിലറായ പ്രശോഭിനെതിരെ പാലക്കാട് സ്വദേശിനിയായ ദളിത് യുവതിയാണ് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം ചൂണ്ടിക്കാട്ടി പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തുകയും തുടർന്നാണ് കേസെടുക്കുകയും ചെയ്തത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസ് കൗൺസിലർക്കെതിരെ ഉയർന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് എൽഡിഎഫ്. പ്രതിക്ക് പ്രമുഖ നേതാക്കളുമായുള്ള ബന്ധം ഉയർത്തിക്കാട്ടിയാണ് പ്രചാരണം. എന്നാൽ വിവാദം ഉയർന്നയുടൻ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ധാർമ്മികതയുടെ പേരിൽ ഇയാൾ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ആരോപണം തങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി വ്യക്തമാക്കി.













