തലസ്ഥാനം ഭക്തസാന്ദ്രം: ഭക്തിയുടെ നിറപൗര്‍ണമിയുമായി പൊങ്കാല അടുപ്പുകളില്‍ തീ പകര്‍ന്നു

തലസ്ഥാനം ഭക്തസാന്ദ്രം: ഭക്തിയുടെ നിറപൗര്‍ണമിയുമായി പൊങ്കാല അടുപ്പുകളില്‍ തീ പകര്‍ന്നു

തിരുവനന്തപുരം: ആറ്റുകാല്‍ അമ്മയുടെ അനുഗ്രഹ പൂണ്യം തേടി ഭക്തലക്ഷങ്ങള്‍ പൊങ്കാല അടുപ്പുകളില്‍ തീ പകര്‍ന്നു. ഭക്തിയുടെ നിറ പൗര്‍ണമിക്കായി തലസ്ഥാന നഗരത്തിലേക്ക് ഭക്തര്‍ ഒഴുകിയെത്തിയതോടെ വിശ്വാസികളുടെ മഹാസാഗരമായി തലസ്ഥാനം മാറി. കുംഭ മാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ഇന്ന് രാവിലെ 9.15 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചു.

കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിനെ വധിക്കുന്ന കഥാസന്ദര്‍ഭം തോറ്റംപാട്ടുകാര്‍ പാടിക്കഴിഞ്ഞാലുടന്‍ തന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്നു, പിന്നാലെ ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പും തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പുകളും അഗ്‌നിയാലുണര്‍ന്നു. രാവിലെ 9.45 നാണ് പണ്ടാര അടുപ്പിലേക്ക് തീ പകര്‍ന്നത്. പണ്ടാര അടുപ്പില്‍ നിന്നും പകരുന്ന അഗ്‌നി പതിനായിരക്കണക്കിന് അടുപ്പുകളിലേക്ക് പടര്‍ന്നതോടെ പൊങ്കാലയുടെ ധന്യനിമിഷത്തിന് തുടക്കമായി .

ഉച്ചയ്ക്ക് 2.15ന് പൊങ്കാല നിവേദ്യം. ഇന്ന് ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി ഏഴു വരെ നട അടയ്ക്കുന്നതിനാല്‍ ആ സമയത്ത് ദര്‍ശനമുണ്ടാവില്ല. താലപ്പൊലിയില്‍ പങ്കെടുക്കുന്ന ബാലികമാര്‍ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് ക്ഷേത്രദര്‍ശനം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നാളെ രാത്രി രാത്രി 9.45 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. തുടര്‍ന്ന് രാത്രി 12.45 ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഈ വര്‍ഷത്തെ പൊങ്കാല മ ഹോത്സവത്തിന് പരിസമാപ്തിയാകും.

The capital is a hub of devotees: Fire is poured into the Pongala stoves with the full moon of devotion

Share Email
Top