‘ആരാണീ ലരിജാനി, എനിക്കൊരു വിഷയമേയല്ല’, ഇറാൻ്റെ ഭീഷണി തള്ളിക്കളഞ്ഞ് ട്രംപ്; ‘ഇറാനെ പൂർണ്ണമായും തകർക്കും, കരസേനയെ ഇറക്കാനും മടിക്കില്ല’

‘ആരാണീ ലരിജാനി, എനിക്കൊരു വിഷയമേയല്ല’, ഇറാൻ്റെ ഭീഷണി തള്ളിക്കളഞ്ഞ് ട്രംപ്; ‘ഇറാനെ പൂർണ്ണമായും തകർക്കും, കരസേനയെ ഇറക്കാനും മടിക്കില്ല’

ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയുടെ ഭീഷണികളെ പരിഹാസത്തോടെ തള്ളിക്കളഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 28-ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി നൽകുമെന്ന ലാരിജാനിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “അയാൾ ആരാണെന്നോ എന്താണ് പറയുന്നതെന്നോ എനിക്കറിയില്ല, ഇതൊന്നും എനിക്കൊരു വിഷയമേയല്ല” എന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ലാരിജാനി ഇതിനകം പരാജയപ്പെട്ട വ്യക്തിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഇറാൻ്റെ നിരുപാധികമായ കീഴടങ്ങൽ വരെ സൈനിക നീക്കം തുടരുമെന്ന് ട്രംപ് ആവർത്തിച്ചു. ഇറാൻ്റെ നിലവിലെ നേതാക്കൾ ദുർബലരാണെന്നും മിഡിൽ ഈസ്റ്റ് മുഴുവൻ കീഴടക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നെങ്കിലും തൻ്റെ ഇടപെടലിലൂടെ അത് തടയാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാനെ പൂർണ്ണമായും തകർക്കുമെന്നും ആവശ്യമെങ്കിൽ കരസേനയെ ഇറക്കാൻ മടിക്കില്ലെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ ഭരണകൂടത്തെ തീർത്തും അവഗണിച്ചുകൊണ്ടുള്ള അദ്ദേഹത്തിൻ്റെ പുതിയ പരാമർശങ്ങൾ.

സഖ്യകക്ഷികളുടെ പിന്തുണയെക്കുറിച്ചുള്ള ചോദ്യങ്ങളെയും ട്രംപ് ലാഘവത്തോടെയാണ് നേരിട്ടത്. കൂടെ നിൽക്കാൻ താല്പര്യമുള്ളവർക്ക് വരാമെന്നും വിശ്വസ്തരായവർ ഇതിനകം തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഒത്തുതീർപ്പുകൾക്ക് തയ്യാറല്ലെന്ന ട്രംപിൻ്റെ കർക്കശ നിലപാട് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Share Email
LATEST
More Articles
Top