ടെഹ്റാൻ: ഇറാന്റെ ഭാഗത്തുനിന്ന് ഇനിയൊരു നീക്കമുണ്ടായാൽ ആ രാജ്യം തന്നെ ലോകഭൂപടത്തിൽ നിന്ന് ഇല്ലാതാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാൽ പ്രദേശം അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി. അയത്തുള്ള മൊജ്തബ ഖമേനി ഇറാന്റെ പുതിയ പരമാധികാരിയായി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.
ഇറാനുമായുള്ള യുദ്ധം ഏകദേശം അവസാന ഘട്ടത്തിലാണെന്നും ഇതൊരു ഹ്രസ്വകാല സൈനിക നടപടി മാത്രമാണെന്നും സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടു. “ഇറാന് ഇപ്പോൾ നാവികസേനയോ ആശയവിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ല. അവരുടെ മിസൈൽ ശേഷി തകർത്തു, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ തകർക്കപ്പെട്ടു. സൈനികമായി നോക്കിയാൽ അവർക്ക് ഇനി ഒന്നുമില്ല,” ട്രംപ് പറഞ്ഞു. ആദ്യ ആഴ്ചയിലെ സൈനിക നടപടിയിൽ 5,000-ത്തിലധികം ഇറാനിയൻ ലക്ഷ്യങ്ങൾ തകർത്തതായാണ് യുഎസ് സൈന്യത്തിന്റെ കണക്ക്.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലവിൽ ഏതാണ്ട് നിലച്ച മട്ടാണ്. ഇറാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ എണ്ണ-വാതക കേന്ദ്രങ്ങൾക്കും ചരക്ക് കപ്പലുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്റെ കണക്കനുസരിച്ച് ഏഴ് കപ്പൽ ജീവനക്കാർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ, നിലവിൽ കടലിടുക്ക് തുറന്നതാണെന്നും കപ്പലുകൾ പ്രവേശിച്ചു തുടങ്ങിയെന്നും അവകാശപ്പെട്ട ട്രംപ്, ഇനിയൊരു പ്രകോപനമുണ്ടായാൽ അത് ഇറാന്റെ അന്ത്യമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.













