പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട ആഗോള ഇന്ധനനീക്കം പുനഃസ്ഥാപിക്കാൻ സൈനിക ബലത്തിലൂടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തുപാത ഉപരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര വ്യാപാര താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി. ഹോർമുസ് തുറക്കാൻ യുകെ ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങളുടെ സൈനിക സഹായം ട്രംപ് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.
കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ സഖ്യകക്ഷികളുടെ സംയുക്ത നാവിക സേനയെ വിന്യസിക്കാനാണ് അമേരിക്കൻ നീക്കം. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സൈനിക ഇടപെടൽ അനിവാര്യമാണെന്ന് വ്യക്തമാക്കിയ ട്രംപ്, സഖ്യരാജ്യങ്ങൾ തങ്ങളുടെ യുദ്ധക്കപ്പലുകൾ മേഖലയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ഹോർമുസ് തുറക്കുന്നത് വൈകിയാൽ ആഗോള സാമ്പത്തിക രംഗം തകരുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകുന്നുണ്ട്.
അമേരിക്കയുടെ ഈ നീക്കം പശ്ചിമേഷ്യയിൽ വലിയ യുദ്ധഭീതിയാണ് ഉയർത്തുന്നത്. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശക്തമായ പ്രതിരോധം നിലനിൽക്കുന്ന മേഖലയിൽ സൈനിക നീക്കം നടത്തിയാൽ അത് നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള എണ്ണ ഇറക്കുമതിയെയും ഈ മേഖലയിലെ സംഘർഷം വരുംദിവസങ്ങളിൽ കാര്യമായി ബാധിച്ചേക്കാം.













