സംസ്ഥാനത്ത് എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘സാർവത്രിക ആരോഗ്യ ഇൻഷുറൻസ്’ പദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. നിലവിൽ കാസ്പ് (KASP), കാരുണ്യ ബെനവലന്റ് ഫണ്ട്, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളിൽ ഉൾപ്പെടാത്തവർക്കും ഇനി മുതൽ സൗജന്യ ചികിത്സ ലഭ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത ‘മിസ്സിംഗ് മിഡിൽ’ വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് എല്ലാവർക്കും ചികിത്സാ സഹായം നൽകുക എന്നതാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം.
വിഷൻ 2031 അവലോകന യോഗങ്ങളിലെ ചർച്ചകളുടെയും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള ഒരു വർഷത്തെ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം. നിലവിൽ കാസ്പ് പദ്ധതി പ്രകാരം 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിക്കുന്നുണ്ട്. കൂടാതെ വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് കാരുണ്യ പദ്ധതിയിലൂടെ രണ്ട് ലക്ഷം രൂപ വരെയും സഹായം നൽകുന്നു. എന്നാൽ ഇവയിലൊന്നും ഉൾപ്പെടാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പുതിയ ഉത്തരവ് വലിയ ആശ്വാസമാകും.
പദ്ധതിയുടെ തുടർന്നുള്ള നടപടികൾ സ്വീകരിക്കുന്നതിനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 8425 കോടി രൂപയുടെ സൗജന്യ ചികിത്സ നൽകിയ കേരളം, രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചികിത്സാ സഹായം നൽകുന്ന സംസ്ഥാനമാണെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ എല്ലാവർക്കും തുല്യ പരിഗണന ഉറപ്പാക്കുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഓരോ പൗരനും ചികിത്സാ സുരക്ഷയുടെ പരിധിയിൽ വരും.











