2026 ഫെബ്രുവരി 28. ലോക ചരിത്രത്തിലെ അഭിശപ്തമായ ദിനങ്ങളിലൊന്ന്. അന്നാണ് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചത്. അതെ തുടർന്ന് ലോകം ആകെ കടുത്ത അനിശ്ചിതത്തിലൂടെയാണ് കടന്നു പോകുന്നത് .ലോകസമ്പദ്‌വ്യവസ്ഥ ഇപ്പോൾത്തന്നെ കടുത്ത സമ്മർദത്തിലായിക്കഴിഞ്ഞു. ലോകം മുഴവനുമുള്ള ഓഹരികൾ ദിനംപ്രതി താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണ വിപണി കുതിച്ചുകയറുന്നത് പല രാജ്യങ്ങളേയും അങ്ങേയറ്റം വലക്കുകയുമാണ്. വലിയ വിലക്കയറ്റവും ക്ഷാമവും തുടർന്നുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കാൻ പല വികസ്വര, അവികസിത രാജ്യങ്ങളുംതയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.
എല്ലാത്തിലും ഉപരി അപകടകരമായ ഒരു ഘട്ടത്തിലൂടെയാണ് പശ്ചിമേഷ്യ കടന്നുപോകുന്നത്. ഇറാൻ ഇനി എന്തുചെയ്യും എന്നതിനെക്കാൾ, പശ്ചിമേഷ്യ എന്തായിത്തീരും എന്നതാണ് വലിയ ചോദ്യം. ഇറാനിലെ ഭരണകൂടമാറ്റം അത്ര എളുപ്പമല്ല എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്.
യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ കൽപനകൾ മറികടന്ന് ഇറാൻ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. കൊല്ലപ്പെട്ട അലി ഖമനേയിയുടെ രണ്ടാമത്തെ മകനായ മുജ്തബ ഖമനേയിയാണ് പുതിയ നേതാവ്. അലി ഖമനേയിയുടെ അഭാവം ഇറാന്റെ രാഷ്ട്രീയ-മത ഘടനയിൽ സൃഷ്ടിച്ച ശൂന്യത മുജ്തബ മറികടക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനിൽ ആരു വന്നാലും നിർണായകമാകുന്നത് ഇറാൻ്റെ ‘ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ’ (ഐ.ആർ.ജി.സി.) എന്ന സൈനിക വിഭാഗത്തിന്റെ പിന്തുണ വേണം എന്ന വസ്തുതയാണ്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ കാത്തുസൂക്ഷിക്കുക, അട്ടിമറികൾ തടയുക, സങ്കീർണമായ യുദ്ധമുറകൾ, മിസൈൽ വികസനം, ആഭ്യന്തരസുരക്ഷ, കൂടാതെ ഹിസ്ബുള്ളയെപ്പോലുള്ള പ്രാദേശികസംഘങ്ങൾക്കുള്ള പിന്തുണ നൽകൽ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ ഈ സേനയ്ക്കുണ്ട്. ഇവരെ കൂടാതെ ഇറാന്റെ പരമാധികാരവും അതിർത്തികളും സംരക്ഷിക്കുന്നതിനും പരമ്പരാഗതമായ മറ്റൊരു സൈന്യവും ഇറാനുണ്ട്. ഈ സൈനികവിഭാഗം ഒരുമിച്ചുനിൽക്കുകയാണെങ്കിൽ, വലിയ തിരിച്ചടികൾ നേരിട്ടാലും ഇറാനിൽ പഴയ ഭരണം തന്നെ തുടരും എന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഉത്തരവുകൾ അനുസരിക്കാൻ സൈന്യം വിസമ്മതിക്കുമ്പോഴാണല്ലോ ഒരു ഭരണകൂടം തകരുന്നത്.
ഇറാനിൽ ഒന്നിച്ചുനിൽക്കുന്ന ഒരു പ്രതിപക്ഷം ഇപ്പോൾ ഇല്ല. പ്രതിപക്ഷത്തിന് ഇപ്പോൾ വലിയ ആവേശമുണ്ടെങ്കിലും എല്ലാവരെയും നയിക്കാൻ ഒരൊറ്റ നേതൃത്വമില്ല. പഴയ ഷാ ഭരണകൂടത്തിന്റെ അനന്തരാവകാശിയായ റേസ പഹ്‌ലവിയെ അനുകൂലിക്കുന്ന രാജഭരണവാദികൾ, റിപ്പബ്ലിക്കൻ-ഇടതുപക്ഷ സഖ്യങ്ങൾ, പരിഷ്കരണവാദികളായ പുരോഹിതന്മാർ, വിവിധ ഗോത്രവർഗപ്രസ്ഥാനങ്ങൾ എന്നിവരെല്ലാം ഇതിലുണ്ട്. ഇവർക്കിടയിൽ പക്ഷേ പരസ്പര വിശ്വാസമില്ല. ഒരു ഭരണകൂടം തകരുമ്പോൾ സുരക്ഷ, അടിസ്ഥാനസേവനങ്ങൾ, അതിർത്തിസംരക്ഷണം, പ്രതികാരനടപടികൾ തടയൽ എന്നിവ ഉറപ്പാക്കാൻ പദ്ധതി അത്യാവശ്യമാണ്. ഇത്തരമൊരു പദ്ധതിയുടെ അഭാവത്തിൽ രാജ്യം അരാജകത്വത്തിലേക്ക് വീണുപോയേക്കാം. വിവിധ പ്രവിശ്യകൾ സായുധസംഘങ്ങളുടെയും മാഫിയകളുടെയും വിദേശശക്തികളുടെയും നിയന്ത്രണത്തിലായേക്കാം. അങ്ങനെയൊരു സാഹചര്യംവന്നാൽ അതിന്റെ ദുരിതം മുഴുവൻ അനുഭവിക്കേണ്ടിവരുക സാധാരണക്കാരായ ഇറാനികളായിരിക്കും. പുറത്തുനിന്നുള്ള സൈനികസമ്മർദം രാജ്യത്തെ ദുർബലപ്പെടുത്തുന്നുണ്ട്, എന്നാൽ, അത് ജനങ്ങൾക്കിടയിൽ ദേശീയ വികാരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
ടെഹ്റാനിലെ കേന്ദ്രീകൃതഭരണം ഇല്ലാതായാൽ പശ്ചിമേഷ്യ അശാന്തമാവുകയാണ് ചെയ്യുക . ഇറാൻ തകർന്നാൽ അതിന്റെ ആദ്യ പ്രതിഫലനം ഉണ്ടാവുക ലെബനൻ, ഇറാഖ്, സിറിയ, യെമെൻ എന്നിവിടങ്ങളിലാണ്. ഇറാന്റെ സാമ്പത്തിക-സൈനിക സഹായത്തോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയും ഹൂതികളും ഉൾപ്പെടെയുള്ള ഗ്രൂപ്പുകൾ അനാഥമാക്കപ്പെടും. ഇത് ഇസ്രയേലിന് താത്കാലികമായി സൈനികനേട്ടം നൽകുമെങ്കിലും മേഖലയിൽ സമാധാനം കൊണ്ടുവരില്ല. പകരം നിയന്ത്രിക്കാൻ കഴിയാത്ത ഒട്ടേറെ ചെറിയ സായുധസംഘങ്ങൾ ഉയർന്നു വരാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.
ഇറാനിലെ ആഘാതം ലോകമാകെ പടരുന്നത് എണ്ണവിപണിയിലൂടെയാണ്. എണ്ണ വിപണിയിൽ ഇറാൻ പ്രധാനമാകുന്നത് രണ്ടു കാരണങ്ങൾകൊണ്ടാണ്: ഇറാന്റെ സ്വന്തം എണ്ണവിതരണവും അതിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും. ഹോർമുസ് കടലിടുക്ക് ലോകത്തെ ഏറ്റവും നിർണായകമായ കപ്പൽപ്പാതയാണ്. ഹോർമുസ് വഴി കടന്നുപോകുന്ന അസംസ്‌കൃത എണ്ണയുടെ 84 ശതമാനവും ഏഷ്യൻ വിപണികളിലേക്കാണ് പോകുന്നത്. ഇക്കാര്യത്തിൽ ചൈനയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. ചൈനയെ സംബന്ധിച്ച് ഇറാൻ ഒരു പ്രധാന ഊർജപങ്കാളിയും അമേരിക്കൻ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ഒരു ശക്തിയുമായിരുന്നു. ഇറാൻ ഒരു പരാജയപ്പെട്ടാൽ ചൈനയ്ക്ക് മേഖലയിലുള്ള സ്വാധീനം നഷ്ടമാകും.
എണ്ണവില വർധന ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള ഇറക്കുമതിരാജ്യങ്ങളെയാണ് ആദ്യം ബാധിക്കുക, ഊർജപ്രതിസന്ധിയും വൻശക്തികൾ തമ്മിലുള്ള മത്സരവുംചേർന്ന് ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു വലിയ പ്രതിസന്ധിയായി മാറാവുന്ന ഘട്ടത്തിലാണ് ഇന്ന് പശ്ചിമേഷ്യ.
പശ്ചിമേഷ്യയിലെ ഏറ്റവും സ്ഥിരതയാർന്ന ഉപമേഖലയാണ് ഗൾഫ്. ജി.സി.സി. രാജ്യങ്ങളിൽമാത്രം ഏകദേശം 89 ലക്ഷം ഇന്ത്യക്കാർ ജോലിനോക്കുന്നുണ്ട്; യു.എ.ഇ.യിൽമാത്രം 34 ലക്ഷം ഇന്ത്യക്കാർ. ഇവരിൽ 70 ശതമാനത്തോളം ബ്ലൂകോളർ ജോലിക്കാരാണ്. യുദ്ധവും സംഘർഷവുംമൂലം തൊഴിൽനഷ്ടമുണ്ടായാൽ ഇവർക്ക് മറ്റ് തൊഴിൽ വേഗം കിട്ടില്ല. ഗൾഫ് ഇന്ത്യക്കാരിൽ സിംഹഭാഗവും മലയാളികളാണ് എന്നത് കേരളത്തിന്റെ ആശങ്ക വർധിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ 30 ലക്ഷത്തോളം മലയാളികളുണ്ട്. വർഷംതോറും 1.3 ലക്ഷം കോടി രൂപയാണ് ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾ കേരളത്തിലേക്കയക്കുന്നത്. ജി.സി.സി. രാജ്യങ്ങൾ മലയാളികളുടെ രണ്ടാംവീടാണ്.
സമുദ്രപാതകൾ നിരന്തരഭീഷണിയിലാവുകയും നഗരങ്ങൾ ഇറാന്റെ മിസൈൽ/ഡ്രോൺ പരിധിയിൽ തുടരുകയും ചെയ്യുന്നത് കടുത്ത സുരക്ഷാഭീഷണിയാണ്. സമാധാനവും സുരക്ഷിതത്വവും വികസനത്തിന്റെ അടിസ്ഥാനശിലയാണ്. ഗൾഫ് മേഖലയുടെ സാമ്പത്തിക വളർച്ചയുടെ അടിത്തറ രാഷ്ട്രീയ സുസ്ഥിരതയും സുരക്ഷിതത്വവുമായിരുന്നു.
ഇറാൻ വല്ലാതെ ദുർബലമായാൽ, ആ സാഹചര്യം തങ്ങൾക്കനുകൂലമാക്കിമാറ്റാൻ തുർക്കി, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾ സ്വന്തം നിലയിൽ ശ്രമിച്ചേക്കും. ഗൾഫ് മേഖലയുടെ സ്ഥിരത ഉറപ്പാക്കുന്ന പ്രധാനശക്തിയായി സൗദി അറേബ്യ സ്വയം അവതരിപ്പിക്കും.
ഒരു രാജ്യം എന്നനിലയിലുള്ള ഇറാനെയല്ല സൗദി ഭയപ്പെടുന്നത്. നിയന്ത്രണമില്ലാത്തതും മുറിവേറ്റതുമായ അവസ്ഥയിലുള്ള ഇറാൻ നടത്തുന്ന അപ്രതീക്ഷിത ആക്രമണങ്ങളെയും അത് വിപണിയിലുണ്ടാക്കുന്ന പരിഭ്രാന്തിയെയും ആണ്.
ചെങ്കടലിലെയും സൂയസ് കനാലിലെയും സാമ്പത്തികസുരക്ഷയിലായിരിക്കും ഈജിപ്തിന്റെ പ്രധാനശ്രദ്ധ. അതോടൊപ്പം പശ്ചിമേഷ്യയുടെ ഭാവി അമേരിക്കയും ഇസ്രായേലും മാത്രം തീരുമാനിക്കുന്ന അവസ്ഥ ഒഴിവാക്കാൻ നയതന്ത്രചർച്ചകളിൽ ഒരു പ്രധാനസ്ഥാനം നേടാനും ഈജിപ്ത് ശ്രമിക്കും.
പശ്ചിമേഷ്യയെ സംബന്ധിച്ചിടത്തോളം ഇറാന്റെ തകർച്ച എന്നാൽ സമാധാനം എന്നല്ല അർഥം. അതൊരു വലിയ മാറ്റത്തിനും മത്സരത്തിനുമാണ് വഴിതുറക്കുന്നത്. ഇറാഖിലും ഗൾഫ്‌മേഖലയിലും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകൾക്കിടയിലും ഇത് പ്രാദേശിക യുദ്ധസാഹചര്യങ്ങൾ സൃഷ്ടിച്ചേക്കാം.
Unrest in middle east World economy under pressure, diaspora uncertain













