“യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു, പക്ഷേ ഹോർമുസ് കടലിടുക്ക് മറ്റു രാജ്യങ്ങൾ സംരക്ഷിക്കണം”: പുതിയ വാദവുമായി ട്രംപ്

“യുദ്ധം അവസാനിപ്പിക്കാൻ ആലോചിക്കുന്നു, പക്ഷേ ഹോർമുസ് കടലിടുക്ക് മറ്റു രാജ്യങ്ങൾ സംരക്ഷിക്കണം”: പുതിയ വാദവുമായി ട്രംപ്

ഇറാനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യുഎസ് ആലോചിക്കുന്നുണ്ടെന്നും എന്നാൽ മറ്റ് രാജ്യങ്ങൾ ഹോർമുസ് കടലിടുക്ക് സംരക്ഷിക്കണമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ നിലംപരിശാക്കിയെന്നും അതിനാൽ തന്നെ തോറ്റ ഒരു രാജ്യത്തോട് വെടിനിർത്തലിൻ്റെ ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി.

എണ്ണ വിലകളിലെ ആഘാതം കുറക്കാൻ, കടലിൽ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം താൽക്കാലികമായി പിൻവലിക്കുമെന്നും യുഎസ് അറിയിച്ചു.

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയാക്കിയതായും സൈനിക സാന്നിധ്യം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. യുഎസ് യുദ്ധം ജയിച്ചുകഴിഞ്ഞുവെന്നാണ് തൻ്റെ വിശ്വാസമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ട്രംപിൻ്റെ പ്രസ്താവനകൾക്ക് വിരുദ്ധമായി ആയിരക്കണക്കിന് അമേരിക്കൻ നാവികസേനാംഗങ്ങൾ നിലവിൽ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. ഇറാനിൽ യുഎസ് കരസേനയെ വിന്യസിക്കുന്നതിനുള്ള വിശദമായ തയ്യാറെടുപ്പുകൾ പെന്റഗൺ ഉദ്യോഗസ്ഥർ നടത്തിയിട്ടുണ്ടെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം രാത്രി, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണ ശ്രമമുണ്ടായി. ദുബായിൽ ഡ്രോണുകൾ തകർത്തു. സൗദിയിലും കുവൈത്തിലും വിവിധ മേഖലകളിൽ ആക്രമണം തടഞ്ഞു. ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി രംഗത്തെത്തി. തുർക്കിയിലേക്കും ഒമാനിലേക്കും ആക്രമണം നടത്തിയത് ഇറാനല്ലെന്നും, ഇവ ഇസ്രയേൽ നടത്തിയ ആൾമാറാട്ട ആക്രമണമാണ് എന്നുമാണ് മുജ്തബയുടെ നിലപാട്. തലമുതിർന്ന നേതൃത്വത്തെ വധിച്ചാൽ ജനങ്ങളെ ഭയപ്പെടുത്താമെന്ന ശത്രുക്കളുടെ മോഹം തകർന്നുപോയെന്നും ഖമേനി പറയുന്നു.

Share Email
Top