വാഷിംഗ്ടണ്‍: ഒരുമാസമായി തുടരുന്ന ഇറാന്‍ സംഘര്‍ഷം അധികം വൈകാതെ അവസാനിക്കുമെന്നും ഇറാനുമായി കരാര്‍ ഉടനെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വേഗത്തില്‍ ഒരു കരാറില്‍ എത്താമെന്നാണ് താന്‍ ആത്മവിശ്വാസം പുലര്‍ത്തുന്നെന്നുംഎയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചു. ഇറാനില്‍ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞു. ഒരുമാസക്കാലം നീണ്ടു നിന്ന യുദ്ധത്തില്‍ നിരവധി ഇറാനിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടതായും ട്രംപ് പറഞ്ഞു. മുന്‍പ് ആരും ഇടപെട്ടിട്ടില്ലാത്ത ഒരു പുതിയ കൂട്ടം ആളുകളുമായാണ് ഇപ്പോള്‍ ഞങ്ങള്‍ ചര്‍ച്ചകള്‍ നടത്തുന്നത്. അത് പൂര്‍ണമായും വ്യത്യസ്തമായ സംഘമാണ്. അതിനാല്‍ ഞാന്‍ ഇതിനെ ഭരണ മാറ്റമായി കണക്കാക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ സംഘര്‍ഷം ഒരു മാസത്തിലേക്ക് കടന്നതോടെ പശ്തിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്. ആഗോള എണ്ണ പ്രകൃതി വാതക വിതരണത്തെ സാരമായി ബാധിച്ചു. ലോക വ്യോമഗതാഗതത്തെ തന്നെ താറുമാറാക്കി. രാസവളങ്ങളുടെ ക്ഷാമത്തിനും കാരണമായി. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നു കടന്നുപോകുന്ന ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ച സ്ഥിതിയിലാണ്.
ചെങ്കടലിനോട് ചേര്‍ന്ന ബാബ് എല്‍-മന്‍ഡെബ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഹൂതി വിഭാഗം വീണ്ടും ആരംഭിച്ചാല്‍ ആഗോള കപ്പല്‍ ഗതാഗതത്തിനും കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകാം. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ ഏകദേശം 12 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ വലിയൊരു പങ്കും ഈ മാര്‍ഗത്തിലൂടെയാണ് നടക്കുന്നത്.
US President Trump says deal with Iran imminent













