കണ്ണൂരിലെ സ്ഥാനാർത്ഥിത്വം: കെ. സുധാകരന്റെ പ്രഖ്യാപനത്തിൽ കോൺഗ്രസിൽ കല്ലുകടി; പ്രതിഷേധവുമായി അണികൾ

കണ്ണൂരിലെ സ്ഥാനാർത്ഥിത്വം: കെ. സുധാകരന്റെ പ്രഖ്യാപനത്തിൽ കോൺഗ്രസിൽ കല്ലുകടി; പ്രതിഷേധവുമായി അണികൾ

കണ്ണൂർ/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ താൻ തന്നെ മത്സരിക്കുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നു. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടതില്ലെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും കർശന നിലപാട് എടുത്തതോടെയാണ് പാർട്ടിയിൽ കല്ലുകടി രൂക്ഷമായത്. ഡൽഹിയിലുള്ള സുധാകരൻ രാഹുൽ ഗാന്ധിയെ കണ്ടതിന് പിന്നാലെയാണ് താൻ മത്സരിക്കുമെന്ന സൂചന നൽകിയത്. എന്നാൽ പാർട്ടി ഔദ്യോഗികമായി തീരുമാനിക്കുന്നതിന് മുൻപുള്ള ഈ വെളിപ്പെടുത്തൽ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

സുധാകരന്റെ പ്രഖ്യാപനത്തെ നേതൃത്വം തള്ളിയതോടെ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ അനുകൂലികൾ രംഗത്തെത്തി. കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ കോലം കത്തിക്കാനും അണികൾ തയ്യാറെടുത്തിരുന്നു. എന്നാൽ സംഘർഷസാധ്യത കണക്കിലെടുത്ത് സുധാകരൻ തന്നെ നേരിട്ട് ഇടപെട്ട് അണികളെ പിന്തിരിപ്പിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ നിൽക്കെ ഇത്തരം വിവാദങ്ങൾ ജയസാധ്യതയെ ബാധിക്കുമെന്ന് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും സുധാകരനെ അറിയിച്ചു.

നിലവിലെ എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ മറ്റ് എംപിമാരും സമാനമായ അവകാശവാദവുമായി രംഗത്തെത്തുമെന്നതാണ് നേതൃത്വത്തിന്റെ പ്രധാന ആശങ്ക. കണ്ണൂർ സീറ്റിൽ സുധാകരൻ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന മറ്റൊരാൾ എന്നതായിരുന്നു പ്രാഥമിക ധാരണ. എന്നാൽ ചർച്ചകൾ പൂർത്തിയാകും മുൻപ് നടത്തിയ പരസ്യ പ്രഖ്യാപനം സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഹൈക്കമാൻഡ് ഇടപെട്ട് വിഷയം പരിഹരിക്കുമെന്നാണ് അണികളുടെ പ്രതീക്ഷ.


Share Email
LATEST
More Articles
Top