സി.പി.എം ബംഗാളിനേക്കാൾ വലിയ തകർച്ചയിലേക്ക്; ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ തീരുമാനമെടുക്കും: വി.ഡി സതീശൻ

സി.പി.എം ബംഗാളിനേക്കാൾ വലിയ തകർച്ചയിലേക്ക്; ജി. സുധാകരനെ പിന്തുണയ്ക്കുന്നതിൽ തീരുമാനമെടുക്കും: വി.ഡി സതീശൻ

കേരളത്തിലെ സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെ നേരിടുകയാണെന്നും ബംഗാളിനേക്കാൾ മോശമായ അവസ്ഥയിലേക്ക് പാർട്ടി കൂപ്പുകുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടിയിൽ നിന്ന് അകലുകയാണെന്നും തീവ്ര വലതുപക്ഷ നിലപാടുകളുമായാണ് സി.പി.എം ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. മുൻ മന്ത്രി ജി. സുധാകരൻ ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് ആവർത്തിച്ച സതീശൻ, അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നൽകുന്ന കാര്യം യു.ഡി.എഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ വിസ്മയങ്ങൾ ഉണ്ടാകുമെന്നും പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ പി.ആർ വർക്കുകൾക്കെതിരെയും കടുത്ത വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കോടിക്കണക്കിന് രൂപയാണ് പി.ആറിനായി ചെലവഴിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം മൂലം ബില്ലുകൾ മാറുന്നില്ലെങ്കിലും പി.ആർ പ്രവർത്തനങ്ങൾക്ക് പണത്തിന് കുറവില്ല. ലൈഫ് മിഷൻ വഴി അഞ്ച് ലക്ഷം വീടുകൾ നൽകിയെന്ന പ്രചാരണം തെറ്റാണെന്നും ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷം കൊണ്ട് നൽകിയ നാല് ലക്ഷം വീടുകൾ കൂടി ചേർത്താണ് എൽ.ഡി.എഫ് കണക്ക് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കെ.എസ്.ഇ.ബി ലാഭത്തിലാണെന്ന വാദം തെറ്റാണെന്നും ബോർഡിന്റെ കടം സർക്കാർ ഏറ്റെടുത്തത് കൊണ്ടാണ് ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നും സതീശൻ പറഞ്ഞു.

ജി. സുധാകരന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും രംഗത്തെത്തി. അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ നിർത്തണോ അതോ സുധാകരന് പിന്തുണ നൽകണോ എന്ന കാര്യത്തിൽ മുന്നണി കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിസ്മയങ്ങൾ സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ പറഞ്ഞത് ശരിവെക്കുന്ന നീക്കങ്ങളാണ് രാഷ്ട്രീയത്തിൽ നടക്കുന്നതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top