കേരളത്തിൽ തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന പുതിയ പ്രചാരണ മുദ്രാവാക്യം ഇടതുമുന്നണി പുറത്തിറക്കി. സിപിഐഎം ഔദ്യോഗിക പേജിലൂടെയാണ് ഈ വാചകം പങ്കുവെച്ചത്. 2016-ലെ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’, 2021-ലെ ‘ഉറപ്പാണ് എൽഡിഎഫ്’ എന്നീ ഹിറ്റ് മുദ്രാവാക്യങ്ങൾക്ക് പിന്നാലെയാണ് പുതിയ വാചകം എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രങ്ങൾ വെച്ചുള്ള പ്രചരണവും സിപിഎം ശക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടി ഭാവന പ്രധാന വേഷത്തിലെത്തുന്ന വീഡിയോയും പുറത്തിറങ്ങി. സർക്കാരിന്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോ ‘സെറ്റല്ലേ… നമ്മളീ യാത്ര തുടരും’ എന്ന വാക്കുകളോടെയാണ് അവസാനിക്കുന്നത്. മഞ്ജു വാര്യർ ഉൾപ്പെടെയുള്ള പ്രമുഖർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, വാട്ടർ മെട്രോ, ക്ഷേമ പെൻഷൻ തുടങ്ങിയ പദ്ധതികളാണ് ഇതിൽ പ്രധാനമായും ദൃശ്യവൽക്കരിച്ചിരിക്കുന്നത്.
യുവതലമുറയെ ലക്ഷ്യമിട്ട് റാപ്പർ വേടൻ ആലപിച്ച ‘കാത്തിരുന്ന കാലമേ…’ എന്ന ഗാനവും ‘ഒന്നായി തുടരാം, നവകേരളത്തിലേക്ക്’ എന്ന ടാഗ്‌ലൈനും നേരത്തെ പുറത്തിറക്കിയിരുന്നു. ‘പെൺപോരാട്ടത്തിന് എൽഡിഎഫ് സർക്കാർ 3.0’ എന്ന ആശയത്തോടെ വനിതാ ദിനത്തിലാണ് ഭാവനയുടെ വീഡിയോ പുറത്തുവിട്ടത്. ഭരണത്തുടർച്ച ഉറപ്പാക്കാൻ കരുത്തുറ്റ പ്രചാരണ തന്ത്രങ്ങളാണ് ഇടതുമുന്നണി ഇത്തവണയും ആവിഷ്കരിച്ചിരിക്കുന്നത്.











