ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാര്‍ തോമാ ചര്‍ച്ച് ലോക പ്രാര്‍ത്ഥനാ ദിനം ഭക്തിപുരസ്സരം ആചരിച്ചു. ഇടവക വികാരി റവ. സന്തോഷ് വര്‍ഗീസ്, റവ. പി. ചാക്കോ, സന്നദ്ധ സുവിശേഷികാ സംഘം സെക്രട്ടറി ആനി വര്‍ഗീസ് എന്നിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
നൈജീരിയന്‍ വനിതകള്‍ തയ്യാറാക്കിയ ‘വരൂ, ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കും’ (മത്തായി 11:28) എന്ന ബൈബിള്‍ വാക്യത്തെ ആസ്പദമാക്കിയായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം.
ബ്ലെസി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജീവിതഭാരങ്ങള്‍ക്കിടയില്‍ ക്രിസ്തു നല്‍കുന്ന ആശ്വാസത്തെയും സമാധാനത്തെയും കുറിച്ച് അവര്‍ സംസാരിച്ചു.
നൈജീരിയന്‍ പതാകയുടെ നിറങ്ങളായ പച്ചയും വെള്ളയും വസ്ത്രങ്ങള്‍ ധരിച്ചാണ് വിശ്വാസികള്‍ ചടങ്ങില്‍ സംബന്ധിച്ചത്. നൈജീരിയയിലെ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങള്‍, ദാരിദ്ര്യം, വിശ്വാസപരമായ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചുള്ള സാക്ഷ്യങ്ങളും വീഡിയോ അവതരണവും ചടങ്ങിന് മാറ്റുകൂട്ടി.
സന്നദ്ധ സുവിശേഷികാ സംഘം അംഗങ്ങളായ നാല് പേര്‍ നൈജീരിയന്‍ സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ അവതരിപ്പിച്ചു. സബീന ചെറിയാന്‍ മദ്ബഹാ ശുശ്രൂഷകളില്‍ സഹായിയായി.
‘അറിവോടെയുള്ള പ്രാര്‍ത്ഥന, പ്രാര്‍ത്ഥനാപൂര്‍വ്വമായ പ്രവര്‍ത്തനം’ എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക സ്‌തോത്രകാഴ്ചയും ശേഖരിച്ചു. വിവിധ തലമുറകളില്‍പ്പെട്ട വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ദിനം അര്‍ത്ഥവത്തായ ഒന്നായി മാറി.
World Day of Prayer observed at Detroit’s Mar Thoma Church













