മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ആർട്ടെമിസ് 2 ദൗത്യത്തിനിടെ ഭൂമിയെ ഒരൊറ്റ ഫ്രെയിമിൽ പകർത്തിയ അപൂർവ്വ ചിത്രം പുറത്തുവിട്ടു. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം 53 വർഷങ്ങൾ പിന്നിടുമ്പോഴാണ് ബഹിരാകാശത്തുനിന്നും ഭൂമിയുടെ ഇത്തരമൊരു സമ്പൂർണ്ണ ചിത്രം വീണ്ടും ലഭ്യമാകുന്നത്. ചന്ദ്രനിലേക്ക് യാത്ര തിരിച്ച നാലംഗ സംഘം ഒറയോൺ പേടകത്തിൽ നിന്നാണ് ഈ ദൃശ്യം പകർത്തിയത്.
മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറെമി ഹാൻസൻ എന്നിവരാണ് ആർട്ടെമിസ് 2 സംഘത്തിലുള്ളത്. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീ എന്ന റെക്കോർഡ് ക്രിസ്റ്റീന കോച്ചിനും ആദ്യ കറുത്ത വർഗക്കാരൻ എന്ന നേട്ടം വിക്ടർ ഗ്ലോവറിനും ഈ യാത്രയിലൂടെ ലഭിച്ചു. പത്ത് ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
അപ്പോളോ ദൗത്യത്തിന് ശേഷം മനുഷ്യർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തുന്ന ആദ്യ ദൗത്യമാണിത്. 56 ലക്ഷം മനുഷ്യരുടെ പേര് രേഖപ്പെടുത്തിയ മെമ്മറി കാർഡും പേടകത്തിലുണ്ട്. മനുഷ്യ ചരിത്രത്തിൽ ഇതുവരെ ഒരു പേടകവും സഞ്ചരിച്ചിട്ടില്ലാത്ത ദൂരത്തിലൂടെ സഞ്ചരിക്കുന്ന സംഘം പത്ത് ദിവസത്തിന് ശേഷം ഭൂമിയിൽ തിരിച്ചെത്തും.











