ബാള്‍ട്ടിമോര്‍ അപകടം: കപ്പലുടമകളും മേരിലാന്റും തമ്മില്‍ നഷ്ടപരിഹാരത്തില്‍ ഒത്തുതീര്‍പ്പായി

ബാള്‍ട്ടിമോര്‍ അപകടം: കപ്പലുടമകളും മേരിലാന്റും തമ്മില്‍ നഷ്ടപരിഹാരത്തില്‍ ഒത്തുതീര്‍പ്പായി

ബാള്‍ട്ടിമോര്‍: 2024 മാര്‍ച്ച് 26-ന് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തില്‍ കപ്പല്‍ ഇടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ സിംഗപ്പൂര്‍ ആസ്ഥാനമായ ചരക്ക് കപ്പല്‍ ഡാലിയുടെ ഉടമയും നടത്തിപ്പുകാരും മേരിലാന്‍ഡ് സംസ്ഥാനവുമായി ഒത്തു തീര്‍പ്പിലെത്തിയതായി അറ്റോര്‍ണി ജനറല്‍ ആന്റണി ബ്രൗണ്‍ അറിയിച്ചു ..

കപ്പലിന്റെ ഉടമ സിംഗപ്പൂര്‍ ആസ്ഥാനമായ ഗ്രേസ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡും ഓപറേറ്റര്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സിനര്‍ജി മറൈന്‍ ഗ്രൂപ്പുമാണ്. എന്നാല്‍ ഒത്തുതീര്‍പ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ കേസില്‍ ജൂണ്‍ ഒന്നിന് വിചാരണ ആരംഭിക്കാന്‍ ഇരിക്കെയാണ് ഒത്തുതീര്‍പ്പിലേക്ക് മേരിലാന്‍ഡ് സംസാഥാനവും കപ്പല്‍ ഉടമകളും എത്തിയത്.

പഴയ സമുദ്ര നിയമം ഉപയോഗിച്ച്, ബാധ്യത ഏകദേശം 44 മില്യണ്‍ ഡോളറായി പരിമിതപ്പെടുത്താന്‍ സിനര്‍ജിയും ഗ്രേസ് ഓഷ്യനും ശ്രമിച്ചിരുന്നു. എന്നാല്‍ ബാള്‍ട്ടിമോര്‍ ബില്യന്‍ കണക്കിന് തുകയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.

ബാര്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലേക്ക് പോവുകയായിരുന്ന ഡാലി ചരക്കു കപ്പലില്‍ വൈദ്യതി തകരാര്‍ ഉണ്ടാവുകയും നിയന്ത്രണം നഷ്ടപ്പെട്ട കപ്പല്‍ പാലത്തില്‍ ഇടിക്കുകയുമായിരുന്നു. ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകരുകയും പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്ന 6 തൊഴിലാളികള്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ബാള്‍ട്ടിമോര്‍ തുറമുഖം ഏകദേശം മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടേണ്ടിയും വന്നു. കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം മിക്കവരും ഇന്ത്യക്കാര്‍ ആയിരുന്നു.കപ്പലിന്റെ നിര്‍മ്മാതാവായ ഹ്യുണ്ടായിയുമായി മേരിലാന്‍ഡിന് ഉള്ള തര്‍ക്കം ഈ ഒത്തുതീര്‍പ്പു വഴി പരിഹരിക്കപ്പെടില്ല എന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

കീ ബ്രിഡ്ജിന് ഇന്‍ഷുറന്‍സ് നല്‍കിയ കമ്പനിയായ എസിഇ അമേരിക്കനുമായി സിനര്‍ജിയും ഗ്രേസ് ഓഷ്യനും അടുത്തിടെ ഒത്തുതീര്‍പ്പിലെത്തിയിരുന്നു. ഏകദേശം 350 മില്യണ്‍ ഡോളറിനായിരുന്നു ഒത്തുതീര്‍പ്പ്. എസിഇ അമേരിക്കന്‍ മേരിലാന്‍ഡിന് അതേ തുക നല്‍കുകയുണ്ടായി.

പുതിയ പാലത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. 2030 അവസാനത്തോടെ ഇത് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് മേരിലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി പ്രതീക്ഷിക്കുന്നു.

Baltimore accident: Ship owners and Maryland reach settlement on compensation

Share Email
Top